പുതിയ ഭാവത്തില്‍ പൃഥ്വിരാജ്; ശ്രദ്ധ നേടി ‘ആടുജീവിതം’ ലുക്ക്‌

January 20, 2020

ചലച്ചിത്രലോകത്ത് അഭിനേതാവായും സംവിധായകനായും നിര്‍മാതാവായുമൊക്കെ ശ്രദ്ധ നേടുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ആടുജീവിതം’. ബ്ലെസിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘ആടുജീവിതം’ എന്ന സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ചിത്രീകരണത്തിന്റെ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയ സിനിമയുടെ അടുത്ത ഷെഡ്യൂളിനു വേണ്ടി രൂപത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. തലമുടിയും താടിയും നീട്ടി വളര്‍ത്തി ശരീരഭാരം കുറച്ച താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നതും.

‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം നിലവില്‍ മൂന്ന് മാസത്തേക്ക് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ് താരം. ഏറ്റവും ആഗ്രഹത്തോടെ കാത്തിരിക്കുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിനു വേണ്ടിയുള്ള പരിശീലനം കൂടിയാണ് ഈ ഇടവേള എന്നാണ് സിനിമയിലെ അവധിയെക്കുറിച്ച് താരം പറഞ്ഞത്.

Read more: ‘കലമാനോടിഷ്ടം കൂടാന്‍…’; മനോഹര താളത്തില്‍ ഒരു സുന്ദര ഗാനം: വീഡിയോ

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് പ്രമേയം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയതാണ് ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവല്‍.

ആഴത്തിലുള്ള കഥാപ്രമേയം ഉള്ളതുകൊണ്ടുതന്നെ ‘ആടുജീവിതം’ എന്ന ചിത്രത്തെ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ബ്ലെസി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. കാല്‍നൂറ്റാണ്ടുകാലത്തെ ഇടവേളയ്ക്ക് ശേഷം എ ആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.