മമ്മൂട്ടിയും മഞ്ജുവും ഒന്നിക്കുന്നു; ശ്രദ്ധനേടി ദി പ്രീസ്റ്റ് ഫസ്റ്റ് ലുക്ക്

January 12, 2020

മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചുള്ള ചിത്രം മലയാളികളുടെ സ്വപ്നമാണ്. വെള്ളിത്തിരയിലെ ഈ താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വർത്തയാകുന്നത്. ‘ദി പ്രീസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ചിത്രീകരണത്തിന് തുടക്കമായി. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നിഖില വിമലും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട് ചിത്രത്തില്‍. ഈ വര്‍ഷം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അതേസമയം ശക്തരായ രണ്ട് കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും അവതരിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തിയ മാമാങ്കം എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. എം പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. 

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം നിര്‍വഹിക്കുന്ന പ്രതി പൂവന്‍കോഴിയാണ് മഞ്ജുവാര്യര്‍ കേന്ദ്ര കഥാപാത്രമായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ക്രിസ്മസിനോട് അനുബന്ധിച്ച് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടുന്നത്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വില്ലന്‍ കഥാപാത്രമായും ചിത്രത്തിലെത്തുന്നു.