“അന്നെനിക്ക് ധൈര്യമുണ്ടായിരുന്നെങ്കില്‍ നമുക്ക് ഒരുമിച്ച് സിനിമയില്‍ തുടക്കം കുറിക്കാമായിരുന്നു”; ആസിഫ് അലിക്ക് ഹൃദയംതൊടുന്നൊരു പിറന്നാള്‍ ആശംസയുമായി ദുല്‍ഖര്‍

February 4, 2020

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ അവതരിപ്പിച്ച് പ്രേക്ഷക സ്വീകാര്യത നേടിയ നടനാണ് ആസിഫ് അലി. പിറന്നാള്‍ നിറവിലാണ് താരം ഇന്ന്. നിരവധിപ്പേരാണ് ആസിഫ് അലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്.

ഡിഗ്രി പഠനകാലത്തുതന്നെ മോഡലിങ്ങിലൂടെ ആസിഫ് അലി ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് 2009-ല്‍ ശ്യാമപ്രസാദ് സംവിധാനം നിര്‍വഹിച്ച ‘ഋതു’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്കും അരങ്ങേറ്റം കുറിച്ചു. പുതുമുഖതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമായിരുന്നു ‘ഋതു’. തുടര്‍ന്ന് സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വഹിച്ച ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലും ആസിഫ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. സിബി മലയില്‍ സംവിധാനം നിര്‍വഹിച്ച ‘അപൂര്‍വ്വരാഗം’ എന്ന ചിത്രത്തിലൂടെ ആസിഫ് ചലച്ചിത്ര ആസ്വാദകര്‍ക്ക് ഇടയില്‍ ശ്രദ്ധനേടി.

Read more: “കൊടുങ്ക സാര്‍…” എന്ന് ധ്രുവ് വിക്രം; സ്‌നേഹചുംബനം നല്‍കി വിജയ് സേതുപതി: സ്‌നേഹവീഡിയോ

തുടര്‍ന്ന് സിനിമയില്‍ നിറസാന്നിധ്യമായി ആസിഫ് അലി. ‘ട്രാഫിക്’, ‘ഡോക്ടര്‍ ലൗ’, ‘സോള്‍ട്ട് ആന്‍ഡ് പെപ്പര്‍’, ‘സെവന്‍സ്’, ‘ഓര്‍ഡിനറി’, ‘ബാച്ച്‌ലര്‍ പാര്‍ട്ടി’, ‘ഹണീ ബീ’, ‘ബൈസൈക്കിള്‍ തീവ്‌സ്’, ‘ഹായ് ഐ ആം ടോണി’, ‘കോഹിനൂര്‍’, ‘ഉയരെ’, ‘വിജയ് സൂപ്പറും പൗര്‍ണമിയും’, ‘കക്ഷി അമ്മിണിപ്പിള്ള’, ‘കെട്ട്യോളാണ് എന്റെ മാലാഖ’ തുടങ്ങി നിരവധി സിനിമകളിലൂടെ ആസിഫ് അലി പ്രേക്ഷക മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഹൃദയംതൊടുന്ന വാക്കുകള്‍ക്കൊണ്ടാണ് ആസിഫ് അലിക്ക് മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ദുല്‍ഖറിന്റെ വാക്കുകള്‍ ഇങ്ങനെ: “ഏറ്റവും പ്രിയപ്പെട്ട ആസിഫിന് പിറന്നാള്‍ ആശംസകള്‍. എന്തൊരു വിസ്മയമാണ് ‘ശ്ലീവാച്ചന്‍’ എന്ന കഥാപാത്രം. ആസിഫ്, നീ എന്റെ അടുത്ത സുഹൃത്തായി ചേര്‍ന്നു നില്‍ക്കുന്നു. എട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു ഈ സൗഹൃദം. ഒരുപക്ഷെ അന്നെനിക്ക് ധൈര്യം ഉണ്ടായിരുന്നെങ്കില്‍ നമുക്ക് ഒരുമിച്ച് സിനിമയില്‍ അരങ്ങേറ്റം കുറിക്കാമായിരുന്നു. നമ്മള്‍ സുഹൃത്തുക്കളാകണമെന്നത് നേരത്തെ നിശ്ചയിക്കപ്പെട്ടതാണ്. ആസിഫ്, ഇനിയും ഗംഭീര സിനിമകള്‍ ഉണ്ടാവട്ടെ, ഒപ്പം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം മനോഹരമായ നിമിഷങ്ങളും. പിന്നെ, നിനക്കേറ്റവും ഇഷ്ടപ്പെട്ട വാഹനങ്ങളില്‍ അടിപൊളി യാത്രകളും നടക്കട്ടെ…!” ആസിഫിനൊപ്പമുള്ള മനോഹരചിത്രം പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ ഈ വാക്കുകള്‍ കുറിച്ചത്.