‘നെഞ്ചുക്കുള്‍ പെയ്തിടും…’; സുരേഷ് ഗോപിയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്: വീഡിയോ

February 14, 2020

നീണ്ട ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മലയാളികളുട പ്രിയതാരം സുരേഷ് ഗോപി. കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെല്ലാം സുരേഷ് ഗോപി തന്നെയാണ് താരവും. ഇപ്പോഴിതാ സുരേഷ്‌ ഗോപിയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു മനോഹര വീഡിയോയാണ് ശ്രദ്ധ നേടുന്നത്. താരം പാട്ട് പാടുകയാണ് വീഡിയോയില്‍. 2011-ല്‍ ഒരു പൊതുവേദിയില്‍ വെച്ച് സുരേഷ്‌ ഗോപി പാട്ടു പാടിയതിന്റെ വീഡിയോ അജു വര്‍ഗീസ് ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് പിന്നാലെ ആരാധകരും സുരേഷ് ഗോപിയുടെ പാട്ട് ഏറ്റെടുത്തിരിക്കുകയാണ്.

‘നെഞ്ചുക്കള്‍ പെയ്തിടും മാ മഴൈ നീരുക്കുള്‍ മൂഴ്കിടും താമരൈ…’ എന്ന നിത്യഹരിത ഗാനമാണ് സുരേഷ് ഗോപി പാടുന്നത്. പാട്ടിനൊപ്പമുള്ള താരത്തിന്റെ ഭാവപ്രകടനങ്ങളും ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ ‘വാരണം ആയിരം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഹാരിസ് ജയരാജ് ഈണം പകര്‍ന്ന ഗാനം സിനിമയില്‍ ആലപിച്ചിരിക്കുന്നത് ഹരിഹരന്‍ ആണ്.

Read more: വീഡിയോ കോളില്‍ വരനും വധുവും; ശ്രദ്ധ നേടി ‘ഡിജിറ്റല്‍ വിവാഹ നിശ്ചയം’: വീഡിയോ

അതേസമയം നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി മടങ്ങിയെത്തിയ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സംവിധാനമാണ് ഈ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.