നൃത്തഭാവങ്ങളില്‍ നിറഞ്ഞ് ദിവ്യ ഉണ്ണി: വീഡിയോ

April 30, 2020

മലയാള ചലച്ചിത്രലോകത്ത് ഒരു കാലത്ത് സജീവമായിരുന്നു ദിവ്യ ഉണ്ണി. സ്വയസിദ്ധമായ അഭിനയമികവുകൊണ്ടും അസാധാരണമായ നൃത്ത വൈഭവംകൊണ്ടും താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടി. വിവാഹ ശേഷം സിനിമാരംഗത്തു നിന്നും വിട്ടുനില്‍ക്കുന്ന ദിവ്യ ഉണ്ണി നൃത്തത്തില്‍ സജീവമാണ്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ദിവ്യ ഉണ്ണിയുടെ മനോഹരമായ ഒരു നൃത്ത പ്രകടനം.

ഗുരുവായൂര്‍ കണ്ണനുള്ള നൃത്താര്‍ച്ചനയായിട്ടായിരുന്നു താരത്തിന്റെ പ്രകടനം. ലോക നൃത്ത ദിനത്തോട് അനുബന്ധിച്ച് മനോഹരമായ നടന ഭാവങ്ങളാണ് ദിവ്യ ഉണ്ണി പുറത്തെടുത്തതും. മനോഹരമായ ഈ നൃത്തം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു താരം.

നിരവധി പേര്‍ നൃത്തത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. ഭാവപ്രകടനങ്ങള്‍ക്ക് പ്രാധനാന്യം നല്‍കിക്കൊണ്ടുള്ളതായിരുന്നു ഈ നൃത്തം. ഭാഗ്യലക്ഷ്മി ഗുരുവായൂര്‍ ആലപിച്ച കൃഷ്ണ സ്തുതിക്കാണ് താരം വ്യത്യസ്തമായ നൃത്താവിഷ്‌കാരം നല്‍കിയത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ദിവ്യ ഉണ്ണി. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പ്രണയവര്‍ണ്ണങ്ങള്‍, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്ലാസിക്കല്‍ നര്‍ത്തകിയായ ദിവ്യ ഉണ്ണി നൃത്ത അധ്യാപിക കൂടിയാണ്.