പൂരപ്രേമികൾക്ക് നിരാശ വേണ്ട; കഴിഞ്ഞ കാലങ്ങളിലെ പൂരകാഴ്ചകളുമായി ഒരു ഓൺലൈൻ എക്സിബിഷൻ- ശ്രദ്ധേയ ആശയവുമായി ഫോട്ടോഗ്രാഫർ

April 16, 2020

മലയാളികളുടെ തന്നെ ഹൃദയമിടിപ്പായ തൃശൂർ പൂരം ഈ വർഷം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയത് ഏതൊരു പൂര പ്രേമിയെയും വിഷമത്തിലാഴ്ത്തിയിട്ടുണ്ടാകണം. ആനയും അമ്പാരിയുമില്ലാതെ ആളും ആരവുമില്ലാതെ പൂരപ്പറമ്പ് ഒഴിഞ്ഞ് ശക്തന്റെ തട്ടകം നിശബ്ദമായിരിക്കുന്ന ഒരു കാഴ്ച പലർക്കും സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നുണ്ടാകില്ല. എന്നാൽ, പ്രതിരോധത്തിന്റെ ഭാഗമായി സ്വാഗതാർഹമായ തീരുമാനമെടുത്ത് കേരളം ഒറ്റകെട്ടായി നിൽക്കുകയാണ്.

പൂരം കാണാൻ പറ്റാത്ത സങ്കടം എന്നാൽ ഒരളവുവരെ പരിഹരിക്കാൻ ഒരു മാർഗം കണ്ടെത്തിയിരിക്കുകയാണ് തൃശ്ശൂർകാരനായ ഫോട്ടോഗ്രാഫർ ഗോകുൽ ദാസ്. വ്യത്യസ്തമായ ആശയങ്ങളിലൂടെ ശ്രദ്ധേയനായ ഗോകുൽ, പൂരമില്ലാത്ത സാഹചര്യത്തിൽ ഒരു ഓൺലൈൻ പൂര എക്സിബിഷൻ ഒരുക്കിയിരിക്കുകയാണ്.

ഇതുവരെ ഗോകുൽ ക്യാമറയിൽ പകർത്തിയ പൂര ചിത്രങ്ങളാണ് ഇൻസ്റാഗ്രാമിലൂടെ പ്രദര്ശനമായി ഒരുക്കിയിരിക്കുന്നത്. കുറെ കാലങ്ങളായി മനസിലുള്ള ഒരു ആഗ്രഹമാണ് ഗോകുൽ ഓൺലൈൻ ഫോട്ടോഗ്രാഫി എക്സിബിഷനിലൂടെ സാധ്യമാക്കിയത്.