‘കുടയല്ല, വടി’; ചിരിപ്പിച്ച് ഒരു തമാശക്കാരി അമ്മൂമ്മയും അപ്പൂപ്പനും- സ്നേഹം നിറഞ്ഞ വീഡിയോ

May 16, 2020

പ്രായം കൂടുമ്പോൾ പ്രണയവും സന്തോഷവുമൊക്കെ നഷ്ടമാകുമെന്ന് വിചാരിക്കുന്നവരാണ് അധികവും. എന്നാൽ ജോലി തിരക്കിലും ജീവിതത്തിലെ പ്രതിസന്ധികളിലും സ്വയം സ്നേഹിക്കാൻ മറന്ന ചെറുപ്പക്കാർക്ക് അറിയില്ല, വാർധക്യം ആഘോഷമാക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളതെന്ന്.

സ്നേഹവും കുസൃതിയുമൊക്കെ പങ്കുവയ്ക്കുന്ന വൃദ്ധ ദമ്പതികളുടെ ഒട്ടേറെ വീഡിയോകൾ മുൻപും കണ്ടിട്ടുണ്ട്. എന്നാൽ തമാശകൊണ്ട് പൊട്ടിച്ചിരിപ്പിക്കുകയാണ് ഒരു അമ്മൂമ്മ.

മഴയും കണ്ട് ഒരു അമ്മൂമ്മയും അപ്പൂപ്പനും വരാന്തയിൽ ഇരിക്കുകയാണ് . അതിനിടയിൽ അപ്പൂപ്പനോട് തെങ്ങിന് കായ് വരുന്നില്ല, വളം മേടിച്ചിടണം എന്ന് അമ്മൂമ്മ പറയുന്നുണ്ട്.

വാർധക്യസഹജമായി അൽപം കേൾവിക്കുറവുള്ള അപ്പൂപ്പൻ കേൾക്കുന്നത് വേറെ പലതുമാണ്. എന്താ പറയുന്നത് എന്ന അപ്പൂപ്പന്റെ ചോദ്യത്തിന് ക്ഷമയോടെ മറുപടി നൽകുന്നുമുണ്ട് അമ്മൂമ്മ . വളമെന്നു പറയുമ്പോൾ കുട എന്നാണ് അപ്പൂപ്പൻ കേൾക്കുന്നത്. ഇതോടെ ദേഷ്യം വന്ന അമ്മൂമ്മ കുടയല്ല, വടി എന്നും പറഞ്ഞ് തിരിഞ്ഞിരിക്കുന്നു.

കോട്ടയം ഉഴവൂരിനടുത്ത് അരീക്കരയിലുള്ള ചക്കാലപ്പടവിൽ തോമസും ചിന്നമ്മയുമാണ് ഈ വീഡിയോയിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നത്. പ്രായം എത്രയായാലും തമാശക്കും കുസൃതിക്കുമൊന്നും അതിർവരമ്പുകൾ ഇല്ലെന്ന് തെളിയിക്കുകയാണ് ഇവർ.

Read More: കൊവിഡ് പ്രതിസന്ധി- മുത്തച്ഛനെയും മുത്തശ്ശിയെയും ഒന്നു കെട്ടിപ്പിടിക്കാൻ പെൺകുട്ടി കണ്ടെത്തിയ മാർഗം; കണ്ണുനിറയ്ക്കുന്ന വീഡിയോ

കാണുന്നവർക്ക് ചിരിയും സന്തോഷവും ഒരുപോലെ സമ്മാനിക്കുന്ന ഈ വീഡിയോക്ക് മുത്തശ്ശി തമാശക്കാരിയാണല്ലോ എന്നൊക്കെയാണ് കമന്റ്റ്.

Story highlights-Interesting talk between grand parents