‘ഒരു ആളെ മാറ്റലുകാരന്റ മരണം മലയാള സിനിമ വളരെ ദുഃഖത്തോടെ കാണണമെങ്കിൽ അയാളുടെ സേവനങ്ങൾ എത്ര ഹൃദയശുദ്ധിയോടെ ആയിരിക്കും’- സലീം കുമാർ

June 13, 2020

സിനിമാ താരങ്ങൾക്കും ലൊക്കേഷനും കാവലാളായിരുന്ന ദാസ് വിടവാങ്ങി. അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരങ്ങൾ. പലർക്കും ദാസ്, കാവൽ എന്നതിലുപരിയായിരുന്നു. നടൻ സലീം കുമാർ ദാസിനെ കുറിച്ച് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

സലീം കുമാറിന്റെ വാക്കുകൾ;

ദാസ് എന്ന സിനിമാക്കാരനെ ഒരുപക്ഷെ നിങ്ങൾക്ക് അറിയില്ലായിരിക്കാം. പക്ഷെ നിങ്ങൾ കാണുന്ന സിനിമകളിലെല്ലാം ആരാലും ശ്രദ്ധിക്കപ്പെടാതെ തന്റെ ജോലി വളരെ കൃത്യമായി ചെയ്തിരുന്ന ഒരാൾ, അതായിരുന്നു ദാസ് എന്ന് വിളിക്കുന്ന ക്രിസ്തു ദാസ്. വർഷങ്ങൾക്ക്‌ മുൻപ് “താണ്ടവം” എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഞാൻ ദാസിനെ ആദ്യമായി കാണുന്നത് ഒരു ആറ് ആറര അടി പൊക്കക്കാരൻ. ഷൂട്ടിംഗ് തടസ്സപ്പെടാതിരിക്കാൻ ആളുകളെ നിയന്ത്രിക്കുക എന്ന ജോലിയായിരുന്നു ദാസിന്. അന്ന് തുടങ്ങിയ പരിചയം പിന്നീട് സൗഹൃദമായി മാറുകയായിരുന്നു. കുറച്ചു കാലങ്ങൾക്ക് മുൻപ് ഒരു ലൊക്കേഷനിൽ സെക്യൂരിറ്റി ഡ്രസ്സിൽ ദാസിനെ കണ്ടപ്പോളാണ് അദ്ദേഹം ഒരു സെക്യൂരിറ്റി ടീം തന്നെ രൂപീകരിച്ച വിവരം എന്നോട് പറഞ്ഞത്. മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും ദാസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു, പ്രത്യേകിച്ച് സൂപ്പർ താര ചിത്രങ്ങളിൽ. ദാസിനോട് സ്നേഹമുള്ള ചില സംവിധായകർ അല്ലറ ചില്ലറ വേഷങ്ങളും അദ്ദേഹത്തിന് നൽകി സന്തോഷിപ്പിക്കുമായിരുന്നു. മലയാള സിനിമയിലെ ഒരാളും ദാസിനെ മാറ്റി നിർത്തിയിരുന്നില്ല, എന്നും ചേർത്ത് നിർത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. ഒരു സെക്യൂരിറ്റിക്കാരന്റെ ധാർഷ്ട്യങ്ങൾ ഒന്നും ഷൂട്ടിംഗ് കാണാൻ നിൽക്കുന്ന ആളുകളോടും അദ്ദേഹം കാണിച്ചിരുന്നില്ല അവരോടും വളരെ നയപരമായിട്ടേ അദ്ദേഹം പെരുമാറിയിരുന്നുള്ളു.
അവാർഡ് നൈറ്റ് പോലുള്ള പ്രോഗ്രാമുകൾ, സിനിമക്കാരുടെ വിവാഹങ്ങൾ, മരണങ്ങൾ അങ്ങിനെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിളും ദാസിന്റെ സാന്നിധ്യം സജീവമായിരുന്നു.

ഇന്ന് ദാസ് മരണപ്പെട്ടു എന്ന വാർത്ത വല്ലാത്ത ഒരു മരവിപ്പായിരുന്നു എന്നിൽ ഉളവാക്കിയത്. എന്നിൽ മാത്രമല്ല മലയാളസിനിമക്ക്‌ മുഴുവനും ആ വാർത്തയെ അങ്ങനെയേ കാണാൻ പറ്റു.
ഒരു ആളെ മാറ്റലുകാരന്റ മരണം മലയാള സിനിമ വളരെ ദുഃഖത്തോടെ കാണണമെങ്കിൽ അയാൾ അവിടെ ചെയ്തിട്ടുള്ള സേവനങ്ങൾ എത്ര ഹൃദയശുദ്ധിയോടെ ആയിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു, കൊറോണയുടെ കാഠിന്യം കുറഞ്ഞാൽ ഒരുപക്ഷെ സിനിമ ഷൂട്ടിങ്ങുകൾ പുനരാരംഭിച്ചേക്കാം….
പക്ഷേ അന്ന് അണ്ണാ… എന്ന് വിളിച്ചുകൊണ്ടു ഓടിയെത്താൻ ഒരു ആറ് ആറര അടി പൊക്കക്കാരൻ ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ….പ്രണാമം…സഹോദരാ.

Story highlights- Salim kumar about bodyguard das