പ്രായം 99, സ്‌നേഹത്തിന്റെ ഭക്ഷണ പൊതിയുമായി ഒരു മുത്തശ്ശിയമ്മ: വീഡിയോ

June 1, 2020

കരുതലും സ്‌നേഹവും ആവോളം ഉള്ളവരാണ് മുത്തശ്ശിമാര്‍. അതുകൊണ്ടാണല്ലോ അവരുടെ ചാരത്ത് ഇരിക്കാന്‍ പോലും പലരും കൊതിക്കുന്നതും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും നിറയുകയാണ് ഒരു മുത്തശ്ശിയമ്മ.

മുംബൈ സ്വദേശിയായ ഈ മുത്തശ്ശിയമ്മ സ്‌നേഹം ചേര്‍ത്ത ഭക്ഷണംപൊതിയുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് മുംബൈയില്‍ നിന്നും സ്വന്തം നാട്ടിലേയ്ക്ക് മടങ്ങുന്ന അനേകര്‍ക്ക് വേണ്ടിയുള്ളതാണ് മുത്തശ്ശിയമ്മയുടെ ഈ സ്‌നേഹപ്പൊതി.

അലുമിനിയം ഫോയില്‍ പേപ്പറില്‍ റൊട്ടിയും കറിയും ചേര്‍ത്തുവെച്ച് ശ്രദ്ധയോടെയാണ് ഓരോ പൊതിയും മുത്തശ്ശി തയാറാക്കുന്നത്. ഒരു മിനിറ്റ് പോലും ദൈര്‍ഘ്യമില്ലെങ്കിലും നിരവധിപ്പേരാണ് ഈ സ്‌നേഹവീഡിയോ പങ്കുവയ്ക്കുന്നത്. 99 വയസുണ്ട് ഈ മുത്തശ്ശിയമ്മയ്ക്ക്. പ്രായമേറിയിട്ടും കരുതലിനും സ്‌നേഹത്തിനും കുറവില്ല എന്നാണ് വീഡിയോയ്ക്ക് കൂടുതല്‍ ആളുകളും നല്‍കുന്ന കമന്റ്.

Story highlights: Video of a 99 Year old woman preparing food packets for migrant workers in Mumbai