നര്‍മ്മവും പ്രണയവും ഇഴചേര്‍ത്ത് ഒരു സംഗീതാവിഷ്കാരം: വീഡിയോ
പാട്ടിനോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ചെറുതല്ല. ചിലരുണ്ട് എന്തിനും ഏതിനും പാട്ടിനെ കൂട്ടുപിടിക്കുന്നവര്‍. ചില സന്തോഷങ്ങള്‍ ഇരട്ടിപ്പിക്കാന്‍, ചില വേദനകളെ മറക്കാന്‍, ഓര്‍മ്മകളിലേക്ക് പതിയെ നടന്നു പോകാന്‍. അങ്ങനെയങ്ങനെ സംഗീതത്തെ ജീവിതത്തോട് ചേര്‍ത്തു വയ്ക്കുന്നു. കാലാന്തരങ്ങള്‍ക്കുമപ്പുറം പാട്ടുകള്‍ ആസ്വാദക ഹൃദയങ്ങളില്‍ അലയടിക്കുന്നതു കൊണ്ടുതന്നെ പുത്തന്‍ പുതിയ സംഗീതാവിഷ്കാരങ്ങള്‍ ജന്മമെടുത്തുകൊണ്ടേയിരിക്കുന്നു.
സിനികളിലെ ഗാനങ്ങള്‍ക്ക് മാത്രമല്ല മനോഹരമായ സംഗീത ആല്‍ബങ്ങള്‍ക്കും ആസ്വാദകര്‍ ഏറെയാണ്. സംഗീത ലോകത്ത് ശ്രദ്ധ നേടുന്നതും മനോഹരമായ ഒരു മ്യൂസിക് വീഡിയോയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയതാണെങ്കിലും മികച്ച സ്വീകാര്യതയാണ് ഇപ്പോഴും ഈ ഗാനത്തിന് ലഭിക്കുന്നത്. ‘അരികില്‍’ എന്ന പേരിട്ടിരിക്കുന്ന വീഡിയോ ഗാനം ഇതിനോടകംതന്നെ ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
Read more: ‘കോവിലില്‍ പുലര് വേളയില്‍…’; നടനഭാവങ്ങളില്‍ അതിശയിപ്പിച്ച് മുത്തശ്ശി
കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനം ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്ക്കുന്നു. നര്‍മ്മവും പ്രണയവും എല്ലാം പരസ്പരം ഇഴചേര്‍ന്നു കിടക്കുന്നു ഈ ഗാനരംഗത്ത്. ഒപ്പം കുടുംബ ബന്ധത്തിന്റെ ആഴവും പരപ്പുമെല്ലാം പ്രതിഫലിക്കുന്നു. ക്യൂന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മിഥുനും പുതുമുഖതാരമായ പാര്‍വതിയുമാണ് ഗാനരംഗത്തെ പ്രധാന ആകര്‍ഷണം. മനീഷ് കെ അബ്ദുള്‍ മനാഫ് ആണ് ഗാനരംഗത്തിന്റെ സംവിധാനവും ഛായാഗ്രഹണവും. അമല്‍ ആന്റണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചലച്ചിത്രതാരം അനു സിതാര ആണ് മ്യൂസിക് വീഡിയോയുടെ നിര്‍മാണം.