‘മണിയറയിലെ അശോകന്’ വേണ്ടി ദുല്‍ഖര്‍ പാടി; മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ…
വെള്ളിത്തിരയില്‍ അഭിനയ വിസ്മയമൊരുക്കുന്ന ചലച്ചിത്രതാരമാണ് ദുല്‍ഖര്‍ സല്മാന്. ഓരോ കഥാപാത്രത്തേയും താരം അവിസ്മരണീയമാക്കുന്നു. അഭിനയത്തിനു പുറമെ പാട്ടു പാടിയും ചലച്ചിത്ര ആസ്വാദകരുടെ ഇഷ്ടം നേടിയിട്ടുണ്ട് താരം. ദുല്‍ഖര്‍ സല്മാന് ആലപിച്ച ഒരു ഗാനമാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നതും.
മണിയറയിലെ അശോകന് എന്ന ചിത്രത്തിനു വേണ്ടി ദുല്‍ഖര്‍ ആലപിച്ച ഗാനമാണ് ശ്രദ്ധ നേടുന്നത്. ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ…’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ആസ്വാദകരും ഏറ്റുപാടി തുടങ്ങി. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് മണിയറയിലെ അശോകന്.
ദുല്‍ഖര്‍ സല്‍മാനോടൊപ്പം ജേക്കബ് ഗ്രിഗറിയും പാട്ടില്‍ ചേരുന്നുണ്ട്. ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നതും. ഷിഹാസ് അഹമ്മദ്കോയയുടേതാണ് ഗാനത്തിലെ വരികള്‍. ശ്രീഹരി കെ നായര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.
ചിത്രത്തിന്റെ അണിയറയില്‍ അധികവും പുതുമുഖങ്ങളാണ്. നവാഗതനായ ഷംസു സെയ്ബയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് ബോജിയുടേതാണ് ചിത്രത്തിന്റെ കഥ. വിനീത് കൃഷ്ണന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, വിജയരാഘവന്, കൃഷ്ണശങ്കര്, സുധീഷ്, സുരഭി ലക്ഷ്മി, നയന തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.