ഫോട്ടോഷോപ്പല്ല ഒറിജിനൽ; കൗതുകമായി മിമിയുടെ വെറൈറ്റി മേക്കപ്പ്

July 16, 2020
mimi

മേക്കപ്പിന്റെ അനന്ത സാധ്യതകൾ പരിചയപ്പെടുത്തുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഇടംനേടിക്കഴിഞ്ഞു. യാഥാർഥ്യമേത്. മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത വിധത്തിലാണ് പലപ്പോഴും മേക്കപ്പുകൾ കാഴ്ച്ചക്കാരുടെ ശ്രദ്ധ കവരുന്നത്. അത്തരത്തിൽ സ്വന്തം ശരീരത്തിൽ പെയിന്റുകൊണ്ട് വിസ്മയം തീർക്കുന്ന പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റ് മിമിയുടെ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറുന്നത്.

സ്വന്തം മുഖവും ശരീര ഭാഗങ്ങളും ക്രിയേറ്റിവ് സ്‌പേസ് ആക്കി മാറ്റിയ മിമി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് സൈബർ ലോകം. തൊലി കളഞ്ഞ പഴം, കൊഞ്ച്, തണ്ണിമത്തൻ, ആപ്പിൾ, മുട്ട, ബ്രെഡ്, ബാർളി, ന്യൂഡിൽസ് തുടങ്ങി നാം കണ്ടതും കേട്ടതുമായ എല്ലാം മിമിയുടെ മുഖത്ത് വിരിയും.

ചിത്രങ്ങൾ ആദ്യം കാണുമ്പോൾ ഫോട്ടോഷോപ്പ് ആണെന്നാണ് കരുതുക. എന്നാൽ ഇതൊക്കെ മിമിയുടെ കലാവൈഭവങ്ങളാണ്. ഓരോ ഡിസൈനിനും അനുസരിച്ചാണ് മേക്കപ്പിന് വേണ്ട സമയം. മുഖവും കൈകാലുകളുമാണ് മിമി മേക്കപ്പിനായി കൂടുതലായും തിരഞ്ഞെടുക്കുന്നത്.

സെലിബ്രിറ്റി മേക്കപ്പ്, പരസ്യങ്ങൾക്കും മോഡലങ്ങിനും ഇലൂഷ്യൻ മേക്കപ്പ് എന്നിവയ്ക്ക് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്കായി മേക്കപ്പ് ക്ലാസുകളും എടുക്കുന്നുണ്ട് മിമി.

അധ്യാപക ജോലി ഉപേക്ഷിച്ചാണ് മിമി മേക്കപ്പിലേക്ക് ഇറങ്ങിയത്. ഇലൂഷ്യൻ മേക്കപ്പാണ് മിമിയുടെ ജീവിതത്തിൽ പ്രധാന വഴിത്തിരിവായത്.

Story Highlights: mimi choi make up trending