അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ടു മാത്രം ആ വിമാനം കത്തി ജ്വലിച്ചില്ല; പൈലറ്റ് ഡി.വി സാഥെയെ അനുസ്‌മരിച്ച് താരങ്ങൾ…

August 8, 2020

കൊറോണ വൈറസും മഴക്കെടുതിയും നൽകിയ ആഘാതത്തിനിടെയിലേക്കാണ് കേരളക്കരയെ ഞെട്ടിച്ചുകൊണ്ട് ഇന്നലെ രാത്രി 7: 45 ഓടെ വിമാന ദുരന്തവും എത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ പൈലറ്റ് ഉൾപ്പെടെ 19 പേർ മരണത്തിന് കീഴടങ്ങി. 15 പേർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ഉണ്ട്. അതേസമയം വിമാന ദുരന്തത്തിന്റെ ആഘാതം കുറച്ചത് പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഥെയുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ്. ജീവൻ ത്യാഗം ചെയ്തുകൊണ്ട് വിമാന ദുരന്തത്തിന്റെ വ്യാപ്തികുറച്ച ഡിവി സാഥെയെ അനുസ്‌മരിച്ച് ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, സുരഭി ലക്ഷ്മി തുടങ്ങി നിരവധിപ്പേർ രംഗത്തെത്തി.

സുരഭി ലക്ഷ്മിയുടെ വാക്കുകൾ:

അഭിമാനം അങ്ങയെ ഓർത്ത് പൈലറ്റ് ഡി.വി സാഥെ.. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല.നാഷണൽ ഡിഫൻസ് അക്കാദമിയിലും എയർഫോഴ്സിലും മികവ് തെളിയിച്ച ശേഷമാണ് അങ്ങ് എയർ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ എയർഫോഴ്സിലെ മികച്ച പൈലറ്റിനുള്ള അവാർഡും അങ്ങ് കരസ്ഥമാക്കിയിരുന്നു.കോടി പ്രണാമങ്ങൾ.. 

അപകടത്തിൽ മരിച്ച പ്രിയ സഹോദരങ്ങൾക്ക് പ്രണാമം, ഈ കൊവിഡ് സമയത്ത് അപകടത്തിൽ പെട്ടവരെ സഹായിച്ച, എല്ലാവരോടും സ്നേഹം…. അപകടത്തിൽ രക്ഷപ്പെട്ടവരുടെ ആരോഗ്യം എത്രയും പെട്ടെന്ന് പൂർവസ്ഥിതിയിൽ ആവട്ടെ എന്ന പ്രാർത്ഥനയോടെ..

‘റെസ്റ്റ് ഇന്‍ പീസ് വിങ് കമാന്‍ഡര്‍ (റിട്ട.)സാഥെ, അങ്ങയെ വ്യക്തിപരമായി അറിയാമെന്നതില്‍ ഏറെ അഭിമാനം. നമ്മുടെ സംസാരം എന്നും ഓർത്ത്‌വെയ്ക്കും’. ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചു.

ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ 22 വർഷം ഇന്ത്യൻ സൈന്യത്തിൽ സേവനം അനുഷ്ടിച്ച ആളാണ്. 1981ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച അദ്ദേഹം 22 വർഷത്തിനു ശേഷം 2003ൽ വിരമിച്ചു. പിന്നീടാണ് അദ്ദേഹം യാത്രാവിമാനങ്ങൾ നിയന്ത്രിക്കാൻ ആരംഭിച്ചത്. ഫൈറ്റർ പൈലറ്റ് കൂടിയായിരുന്ന അദ്ദേഹം എയർ ഫോഴ്സ് അക്കാദമിയിൽ നിന്ന് സ്വോർഡ് ഓഫ് ഹോണർ പുരസ്കാരം നേടിയിട്ടുണ്ട്.

Story Highlights: artists remembers air india pilot capt dv sathe