“ഉണ്ണികളേ ഒരു കഥപറയാം…”; കൊച്ചു മകള്‍ക്കായി ഐഎം വിജയന്റെ സ്‌നേഹത്താരാട്ട്: വീഡിയോ

August 28, 2020
IM Vijyan Lullaby For Grand Daughter

കേരളത്തിന്റെ അഭിമാനമായ ഫുട്ബോള്‍ താരമാണ് ഐഎം വിജയന്‍. കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന സ്‌കില്ല് തന്നെയാണ് ഐഎം വിജയന്‍ എന്ന ഫുട്ബോള്‍ താരത്തെ മികച്ച കായികതാരമാക്കുന്നതും. ഫുട്ബോള്‍ ലോകത്ത് എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍ എന്ന വിശേഷണത്തിനും യോഗ്യനാണ് ഐഎം വിജയന്‍. പലപ്പോഴും അദ്ദേഹത്തിന്‍റെ ഫുട്ബോള്‍ മികവുകളുടെ വീഡിയോകള്‍ നാം കാണാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ കൊച്ചുമക്കള്‍ക്കായി സ്‌നേഹത്താരാട്ട് പാടുന്ന ഐഎം വിജയന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

ഇതിനോടകംതന്നെ നിരവധിപ്പേര്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രത്തിലെ “ഉണ്ണികളെ ഒരു കഥ പറയാം ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം…” എന്ന ഗാനമാണ് അതിമനോഹരമായി ഐഎം വിജയന്‍ ആലപിക്കുന്നത്. അദ്ദേഹത്തിന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങുന്ന കൊച്ചുമകള്‍ അഥീവയേയും വീഡിയോയില്‍ കാണാം.

1987-ല്‍ കേരളാ പൊലീസിലൂടെ കളത്തിലിറങ്ങി ഫുട്ബോള്‍ രംഗത്ത് ശ്രദ്ധേയനായതാണ് ഐഎം വിജയന്‍. 1989-ല്‍ താരം ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. 1999 ലെ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരെ ഏറ്റവും വേഗത്തില്‍ ഗോള്‍ നേടിക്കൊണ്ട് താരം ചരിത്രം കുറിച്ചു. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് തുടങ്ങിയ ക്ലബുകളില്‍ ബൂട്ടണിഞ്ഞ ഐഎം വിജയന്‍ 2004-ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു.

അതേസമയം ചലച്ചിത്ര നിര്‍മ്മാണ രംഗത്തേയ്ക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഐഎം വിജയന്‍. ‘പാണ്ടി ജൂനിയേഴ്സ്’ എന്നാണ് ഐഎം വിജയന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ പേര്. ബിഗ് ഡാഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഐഎം വിജയനും അരുണ്‍ തോമസും ദീപു ദാമോദറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നവാഗതനായ ദീപക് ഡിയോണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

Story highlights: IM Vijyan Lullaby For Grand Daughter