‘ആ ഇറുകിയ കണ്ണുകളിലും വെട്ടോടു കൂടിയ നെറ്റിയിലും സ്ഫുരിച്ചിരുന്ന കോണ്‍ഫിഡന്‍സ്’: മുരളിയുടെ ഓര്‍മ്മയില്‍ ഷഹബാസ് അമന്‍

August 7, 2020
Shahabaz Aman Facebook post about Murali

അവതരിപ്പിച്ച ഓരോ കഥാപാത്രത്തെയും അവിസ്മരണീയമാക്കിയ നടനാണ് മുരളി. കാലയവനികയ്ക്ക് പിന്നില്‍ അദ്ദേഹം മറഞ്ഞിട്ട് ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും മഹനീയമായ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് ഇന്നും ജീവനുണ്ട്. അത്രമേല്‍ ആഴത്തില്‍ ഓരോ കഥപാത്രത്തെ അതിന്റെ പരിപൂര്‍ണ്മതയിലെത്തിക്കാന്‍ മുരളി എന്ന നടന് കഴിഞ്ഞു. അദ്ദേഹത്തിന്റെ പതിനൊന്നാം ചരമദിനമായിരുന്നു കഴിഞ്ഞ ദിവസം. നിരവധിപ്പേര്‍ മുരളിയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയും ചെയ്തു. ശ്രദ്ധ നേടുകയാണ് സംഗീത സംവിധായകന്‍ ഷഹബാസ് അമന്‍ മുരളിയെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സ്‌ക്രീനില്‍ കണ്ട മുരളി എന്ന മലയാളം ഫിലിം ആക്ടറെ ഓര്‍ക്കുമ്പോള്‍ കൂടെ മനുഷ്യരുടെ ഭാഗത്ത് നിന്ന് ലോഹിതദാസ് , ജോണ്‍സണ്‍, കെ പി എ സി ലളിത, അബൂബക്കര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരൊക്കെ കടന്ന് വരുന്നുണ്ട്. മറ്റു ഇതര വിഭാഗങ്ങളില്‍ നിന്നായി പാടവരമ്പ്, വെയില്‍, പാര്‍ട്ടി ഓഫീസ്, ചായക്കട, എരിഞ്ഞ്‌കൊണ്ടിരിക്കുന്ന ബീഡി, തെങ്ങ്, ഇരുട്ട്, നിഴലും വെളിച്ചവും വീണ, മുളകോ മഞ്ഞളോ ഉണക്കാനിട്ട മുറ്റം, സെറ്റിട്ട തൊഴിലിടം, ശബ്ദം, ഡയലോഗ് ഡെലിവറി, എന്നിവയും! കൂടാതെ, മുരളി ഫ്രെയിമില്‍ വന്ന് ഫുള്‍സ്റ്റോപ്പിട്ട് നിന്നതിനു ശേഷവും രണ്ട് സെക്കറ്റ് നേരത്തേക്ക് കൂടി കിടന്നാടുന്ന അദ്ദേഹത്തെ ഇരുകൈകള്‍.

പിന്നെ… ചെറുതാവട്ടെ, വലുതാവട്ടെ, പറയാനുള്ള ഡയലോഗ് നേരത്തേ മനപാഠമാക്കിയതിനാല്‍ (ആവണം) ആ ഇറുകിയ കണ്ണുകളിലും, മൂക്കിന്‍ തുമ്പത്തും വെട്ടോടു കൂടിയ നെറ്റിയിലും സ്ഫുരിച്ചിരുന്ന കോണ്‍ഫിഡന്‍സ്!
അങ്ങനെ ചിലത്.

എന്തായാലും അദ്ദേഹത്തിന്റെ കേവല സാന്നിധ്യം പോലും ഫ്രെയിമില്‍ കൂടെ ഉണ്ടായിരുന്ന ‘താരങ്ങള്‍’ അടക്കമുള്ള മറ്റുള്ളവരെക്കൂടി കഴിയുന്നത്ര മികച്ച അഭിനയം പുറത്തെടുക്കുന്നവരാക്കുന്നതിനു പ്രേരിപ്പിച്ചിരിക്കാനുള്ള സാധ്യത നൂറു ശതമാനമാണ്.

വേറെ ഒരു മുരളിയെ കണ്ടിട്ടുള്ളത് ഐഎഫ്എഫ്‌കെ സമയത്ത്. കൈരളിമുറ്റത്ത്, തന്റേതായ ഒരു സുഹൃദ് വൃത്തത്തിനുള്ളില്‍ അഞ്ചോ പത്തോ മിനിട്ട് നേരത്തേക്ക് മാത്രം. തനിക്ക് നേരെ വരാന്‍ സാധ്യതയുള്ള പല വിധ നോട്ടങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നത് കൊണ്ടോ മറ്റോ ആ നില്‍പ്പില്‍ അദ്ദേഹം പുലര്‍ത്തിയ ചലനമിതത്വം കാണാന്‍ നല്ല അരങ്ങായിരുന്നു! അദ്ദേഹം അഭിനയിച്ച സിനിമകളിലൊന്നും കണ്ടിട്ടില്ലാത്തത്!
ഓര്‍മ്മകള്‍ക്കു നന്ദി!

എല്ലാവരോടും സ്‌നേഹം…