‘അവള്‍ക്കെന്നെന്നും പ്രിയപ്പെട്ട ഗാനം ഇഷ്ടഗായകന്റെ സ്വരമാധുരിയില്‍’; ഭാര്യ ശ്രീലതയുടെ ഓര്‍മ്മകളില്‍ ബിജു നാരായണന്‍

August 18, 2020
Singer Biju Narayanan video tribute to wife Sreelatha

മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം ചിലപ്പോഴൊക്കെ ഒരു മുന്നറിയിപ്പും ഇല്ലാതെ മരണം അത്രമേല്‍ പ്രിയപ്പെട്ടവരെ കവര്‍ന്നെടുക്കാറുണ്ട്. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനായ ബിജു നാരായണന്റെ ഭാര്യയേയും മരണം കവര്‍ന്നിട്ട് ഒരു വര്‍ഷം പിന്നിട്ടു. എന്നാല്‍ ഭാര്യയുടെ മരിക്കാത്ത ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ഗായകന്‍.

ഭാര്യ ശ്രീലതയുടെ കുട്ടിക്കാലം മുതല്‍ക്കുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള മനോഹരമായ ഒരു വീഡിയോയാണ് ബിജു നാരായണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഒപ്പം പശ്ചാത്തലത്തില്‍ ശ്രീലതയുടെ ഇഷ്ടഗാനവും. ‘നലം വാഴ…’ എന്ന പാട്ടിന്റെ അകമ്പടിയോടെ ഒരുക്കിയ വീഡിയോയില്‍ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്നു.

അരവിന്ദ് സ്വാമിയും രേവതിയും വെള്ളിത്തിരയില്‍ അനശ്വരമാക്കിയ ‘മറുപടിയും’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. എസ് പി ബാലസുബ്രഹ്‌മണ്യമാണ് ആലാപനം. എസ് പി ബാലസുബ്രഹ്‌മണ്യമാണ് ശ്രിലതയുടെ ഇഷ്ട ഗായകനും.

2019 ആഗസ്റ്റ് 13-നായിരുന്നു ശ്രീലതയെ മരണം കവര്‍ന്നത്. കാന്‍സര്‍ രോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലിരിക്കെയായിരുന്നു അപ്രതീക്ഷിതമായ മരണം. പ്രണയവിവാഹമായിരുന്നു ബിജു നാരായണന്റേയും ശ്രീലതയുടേയും. പത്ത് വര്‍ഷത്തെ പ്രണയത്തിനു ശേഷം 1998 ജനുവരി 23-നാണ് ഇരുവരും വിവാഹിതരായത്.

Story highlights: Singer Biju Narayanan video tribute to wife Sreelatha