‘പെട്ടന്ന് മനസ്സില്‍ തോന്നിയ ഏതാനും വരികള്‍ ഒരു തമാശയ്ക്ക് സാറാഹായില്‍ ടൈപ്പ്‌ചെയ്ത് അയച്ചു’, വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെത്തി ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ…’; ആ പാട്ട് പിറന്ന കഥ ഇങ്ങനെ

August 6, 2020
Unnimaya song lyric came from sarahah app

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളികള്‍ ഏറ്റുപാടുന്ന ഗാനമാണ് മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലെ മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായോ. സിനിമയ്ക്ക് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച ഈ ഗാനം ഇതിനോടകംതന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഷിഹാസ് അഹമ്മദ്കോയയുടേതാണ് ഗാനത്തിലെ വരികള്‍. ശ്രീഹരി കെ നായര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. എന്നാല്‍ രസകരമായ ഈ പാട്ടിന്റെ പിറവിക്ക് പിന്നിലുമുണ്ട് രസകരമായ ഒരു കഥ.

അടുത്തിടെ ആ കഥയും പാട്ട് എഴുതിയ ഷിഹാസ് അഹമ്മദ്‌കോയ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് നേരിട്ടും ഫേസ്ബുക്കിലൂടെയും പരിചയമുള്ള ആളുകള്‍ക്ക് സാറാഹയിലൂടെ മെസ്സേജ് അയക്കാറുണ്ടായിരുന്നു പലരും. അത്തരത്തില്‍ 2007-ല്‍ ഉണ്ണിമായക്ക് സാറാഹായില്‍ ഷിഹാസ് അയച്ചതാണ് ഈ വരികളും.

ചിത്രത്തിന്റെ അണിയറയില്‍ അധികവും പുതുമുഖങ്ങളാണ്. നവാഗതനായ ഷംസു സെയ്ബയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് ബോജിയുടേതാണ് ചിത്രത്തിന്റെ കഥ. വിനീത് കൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൃഷ്ണശങ്കര്‍, സുധീഷ്, സുരഭി ലക്ഷ്മി, നയന തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഷിഹാസ് അഹ്ഹമ്മദ്‌കോയ ഫേസ്ബുക്കില്‍ പങ്കുവെച്ച ആ രസകരമായ കഥ ഇങ്ങനെ

2017-ലാണ് ഉണ്ണിമായക്ക് സറാഹായില്‍ ഈ വരികള്‍ അയക്കുന്നത്. നേരിട്ടും ഫേസ്ബുക്കിലൂടെയും പരിചയമുള്ള ആളുകള്‍ക്ക് സാറാഹയിലൂടെ അനോണിമസ് മെസേജുകള്‍ അയക്കുന്നതായിരുന്നു അക്കാലത്തെ പ്രധാന വിനോദം. തമാശകള്‍ മുതല്‍ വളരെ ഒഫന്‍സീവായിട്ടുള്ള മെസേജുകള്‍ വരെ ഇങ്ങനെ പലര്‍ക്കും അയച്ചിട്ടുണ്ടായിരുന്നു.

ആയിടക്ക് എപ്പോഴോ ആണ് ഉണ്ണിമായയുടെ സാറാഹ് പ്രൊഫൈല്‍ ലിങ്ക് ഫേസ്ബുക്കില്‍ ശ്രദ്ധയില്‍ പെട്ടത്. അപ്പൊ എന്തേലും വെറൈറ്റിയായിട്ടു അയച്ചാലോ എന്ന് തോന്നി ടൈപ്പ് ചെയ്ത് അയച്ചതാണ്. ഭാവിയില്‍ ഈ വരികള്‍ സിനിമയില്‍ വരുമെന്നോ സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാന്‍ അത് പാടുമെന്നോ എന്നോ ഒന്നും അപ്പൊ കരുതിയിരുന്നില്ല. പെട്ടന്ന് മനസ്സില്‍ തോന്നിയ ഏതാനും വരികള്‍ ഒരു തമാശയ്ക്ക് സാറാഹയില്‍ ടൈപ്പ്‌ചെയ്ത് അയക്കുകയായിരുന്നു.

ഉണ്ണിമായ ആ സാറാഹ മെസ്സേജ് പിന്നീട് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തത് കണ്ടു. അതിന് താഴെ സംശയമുള്ള ആളുകളെ അവള്‍ മെന്‍ഷന്‍ ചെയ്യുന്നുണ്ടായിരുന്നു. ആ പരിസരത്ത് പോലും നമ്മള്‍ ഇല്ലാത്തോണ്ട് പിന്നെ ഞാനായിട്ട് അത് പറയാനും പോയില്ല.

അങ്ങനെയിരിക്കെയാണ് കഴിഞ്ഞ വര്‍ഷം പെട്ടന്ന് ഒരു ദിവസം ഉണ്ണിമായ അന്നയച്ച സാറാഹ് മെസേജുമായി ഇന്‍ബോക്‌സില്‍ എത്തിയത്. ‘എടാ ഇത് നീ എഴുതിയത് ആണോന്ന് ‘ചോദിച്ച് കൊണ്ട്. സാറാഹ് മെസേജ് അയച്ചവരെ കണ്ടെത്തുന്ന വല്ല ആപ്പും വഴി ആളെ തിരിച്ചറിഞ്ഞതാ യിരിക്കുമെന്നാണ് ആദ്യം കരുതിയത്. പക്ഷെ ഇപ്പൊ ഇത് ചോദിക്കാന്‍ എന്താണ് കാരണം എന്നാണ് ആലോചിച്ചത്. അപ്പോഴാണ് ആ മെസേജിനെ സിനിമയില്‍ എടുത്തെന്നും ദുല്‍ഖര്‍ സല്‍മാനാണ് പാടാന്‍ പോകുന്നതെന്നും കേള്‍ക്കുന്നത്. സ്വാഭാവികമായി അപ്പൊ ഒരാള്‍ക്ക് തോന്നുന്നതേ അത് കേട്ടപ്പോ തോന്നിയുള്ളൂ. ‘ഇങ്ങനെ കളിയാക്കല്ലേ ബേബി മോളെ’എന്ന് പറഞ്ഞു തുടങ്ങിയപ്പോഴാണ് അവള്‍ പടത്തിന്റെ സംവിധായകന്‍ ഷംസുവിനെ പരിചയപ്പെടുത്തുന്നത്. പിന്നീട് ഷംസു വിളിക്കുകയും പാട്ട് വാട്‌സാപ്പില്‍ അയച്ചു തരികയും ചെയ്തു. ആ വരികള്‍ പാട്ടിന്റെ രൂപത്തില്‍ കേട്ടപ്പോ ശരിക്കും വണ്ടറടിച്ചു പോയി.ഒരു ഫോക്ക് പാട്ടിന്റെ ഈണത്തില്‍ അസാധ്യമായി കമ്പോസ് ചെയ്ത മ്യൂസിക് ഡയറക്ടര്‍ ശ്രീഹരിയുടെ ടാലന്റ് മാത്രമാണ് ആ വരികള്‍ക്ക് ഇങ്ങനെയൊരു ലൈഫ് നല്‍കിയത്.

പിന്നീട് കുറച്ച് കാലം ദുല്‍ഖറിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. അങ്ങനെയിരിക്കെ കുറച്ച് നാളുകള്‍ മുന്‍പ് ദുല്‍ഖര്‍ പാട്ട് പാടുകയും അത് അദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങുകയും ചെയ്തു.

പാട്ട് കേട്ട് ഒത്തിരി പേര് ഇഷ്ടമായെന്നും വീണ്ടും വീണ്ടും കേട്ടെന്നുമൊക്കെ പറഞ്ഞു വാട്‌സാപ്പിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയുമൊക്കെ മെസേജുകള്‍ അയക്കുന്നു. സന്തോഷം. നിങ്ങളുടെ നല്ല വാക്കുകള്‍ക്ക്, അഭിനന്ദനങള്‍ക്ക് ഒരുപാട് നന്ദി. സാറാഹാക്കും ഉണ്ണിമായക്കും പ്രത്യേകമായ നന്ദി.

Story highlights: Unnimaya song lyric came from sarahah app