ഉയരങ്ങൾ കീഴടക്കി റെക്കോർഡിട്ട് കുരുന്ന് യാത്രികർ; അത്ഭുതമായി ജാക്സണും ഫ്രേയയും

August 6, 2020

ലോകം മുഴുവൻ കൊറോണ വൈറസിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. വിനോദ സഞ്ചാരം ഉൾപ്പടെ നിരവധി മേഖലകളെ ഈ വൈറസ് പ്രതികൂലമായി ബാധിച്ചു. യാത്രകളെ സ്നേഹിക്കുന്ന വിനോദ സഞ്ചാരികൾ ഇനി എന്നായിരിക്കും അടുത്ത യാത്ര നടത്താൻ കഴിയുക എന്ന ആശങ്കയിലാണ്. കൊറോണയ്ക്ക് ശേഷം എങ്ങോട്ടായിരിക്കണം അടുത്ത യാത്ര എന്ന് പ്ലാൻ ചെയ്യുന്നവരും, ഇതിനായി ഇൻറർനെറ്റിൽ സ്ഥലങ്ങൾ തിരയുന്നവരും നിരവധിയാണ്. ഇക്കാലയളവിൽ യാത്ര അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നവരും ഉണ്ട്. ഇത്തരം യാത്രാനുഭവങ്ങൾക്ക് കാഴ്ചക്കാരും ഒരുപാടുണ്ട്.

സാഹസീക യാത്രകൾക്കൊണ്ട് ലോകം മുഴുവനുമുള്ള യാത്രാപ്രേമികളെ അത്ഭുതപ്പെടുത്തിയ രണ്ട് കുരുന്നുകളാണ് കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിൽ ഇടം നേടുന്നത്. ഏഴ് വയസുകാരിയായ ഫ്രേയയും സഹോദരൻ മൂന്ന് വയസുകാരനായ ജാക്സണുമാണ് വിനോദ സഞ്ചാരികളെ ഞെട്ടിച്ച ആ കുരുന്ന് യാത്രികർ. 10,000 അടി ഉയരത്തിലുള്ള പർവ്വതം അനായാസം കയറിയാണ് ഇരുവരും വാർത്തകളിൽ സ്ഥാനം നേടിയത്. ജൂലൈയിലാണ് ഈ കുരുന്നുകൾ സ്വിറ്റ്സർലൻഡിന്റെയും ഇറ്റലിയുടെയും അതിർത്തിയിലുള്ള പിസ് ബാഡൈൽ പർവ്വതം കീഴടക്കിയത്. ഇതോടെ ഇത്രയും ഉയരം കീഴടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ് സഞ്ചാരിയായി മാറിയിരിക്കുകയാണ് ജാക്സൺ. ഒപ്പം ചേച്ചി ഫ്രേയയ്ക്കുമുണ്ട് ഒരു റെക്കോർഡ്, പരസഹായമില്ലാതെ പർവ്വതം കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ സഞ്ചാരി റെക്കോർഡിട്ടു കുഞ്ഞ് ഫ്രേയ.

Read also: തോളത്തിരുന്ന് മുത്തം നൽകി സ്നേഹിക്കുന്ന ചാക്കോച്ചന്റെ ഗുഡ് ബോയ് അപ്പു- പുതിയ അതിഥിയെ പരിചയപ്പെടുത്തി കുഞ്ചാക്കോ ബോബൻ

യാത്രാ പ്രേമികളായ അച്ഛന്റെയും അമ്മയുടെയും പാത പിന്തുടരുകയാണ് കുരുന്നുകളായ ഫ്രേയയും ജാക്സണും. അച്ഛൻ ലിയോയും ‘അമ്മ ജെസ്സിയും യാത്രയെ ജീവനുതുല്യം ഇഷ്ടപ്പെടുന്നവരാണ്. ഇരുവരോടുമൊപ്പം ഇപ്പോൾ യാത്രകളിൽ ഈ കുരുന്നുകളും ഉണ്ടാകും. മക്കളെയും കൊണ്ടുള്ള യാത്രാനുഭവങ്ങൾ ‘അമ്മ ജെസ്സിയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതോടെ നിരവധി പേർ കുരുന്നുകൾക്ക് അഭിനന്ദനവുമായി രംഗത്തെത്തി. എന്നാൽ കുട്ടികളെ ഇത്തരത്തിൽ യാത്രകളിൽ കൂടെ കൊണ്ടുപോകുന്നതിനെതിരെ നിരവധി വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. പക്ഷെ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള അടുത്ത യാത്രക്കായി പുഞ്ചിരിയോടെ കാത്തിരിക്കുകയാണ് ഈ കുരുന്നുകൾ.

Story Highlights: Youngest travelers to Summit This 10,000 foot Mountain