‘എസ്ര’ സംവിധായകന്റെ പുതിയ ചിത്രം ‘ഗ്ർർർ’ ഒരുങ്ങുന്നു; പ്രധാന കഥാപാത്രങ്ങളായി കുഞ്ചാക്കോയും സുരാജും

September 1, 2020

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തിയ എസ്ര. ജയ് കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ‘ഗ്ർർർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പേരിനൊപ്പം പോസ്റ്ററും ഏറെ കൗതുകമുണർത്തുന്നുണ്ട്. ചിത്രത്തിൽ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറന്മൂടുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മൃഗശാലയുമായി ബന്ധപ്പെട്ടുള്ള കഥയാണ് സിനിമയുടേത് എന്ന് സൂചിപ്പിക്കും വിധത്തിലാണ് ചിത്രത്തിന്റെ പോസ്റ്റർ ഒരുക്കിയത്. ഓഗസ്റ്റ് സിനിമാസാണ് ‘ഗ്ർർർ’ നിർമ്മിക്കുന്നത്. അതേസമയം ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പരസ്യ മേഖലയില്‍ നിന്നും സിനിമാ രംഗത്തെത്തിയ ജയ് കൃഷ്ണയുടെ ആദ്യ ചിത്രമായിരുന്നു എസ്ര. ബോക്‌സ് ഓഫീസില്‍ 50 കോടിക്ക് മേല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് എസ്ര. ചിത്രം ഹിന്ദിയിലേയ്ക്ക് ഒരുക്കുന്നതും ജയ് കൃഷ്ണയാണ്. പൃഥ്വിരാജ് മലയാളത്തില്‍ അവിസ്മരണീയമാക്കിയ കഥാപാത്രത്തെ ഇമ്രാന്‍ ഹാഷ്മിയാണ് ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്. മുംബൈയിലും മൗറീഷ്യസിലുമായാണ് ഹിന്ദി റീമേക്കിലെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.

Read also:ഏറ്റവും പ്രിയപ്പെട്ടത് ബാറ്റും ബോളും, രണ്ട് വയസുമുതൽ ക്രിക്കറ്റ് കളിച്ചുതുടങ്ങി; ധോണിയെപോലെ ആകണമെന്ന് കുഞ്ഞ് ഗൗരി

2017 ലാണ് എസ്ര തിയേറ്ററുകളിലെത്തിയത്. മലയാളത്തില്‍ പ്രിയ ആനന്ദായിരുന്നു പൃഥ്വിരാജിന്റെ നായികാ കഥാപാത്രമായെത്തിയത്. ടൊവിനോ തോമസ്, സുദേവ് നായര്‍, വിജയ രാഘവന്‍, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തി. മലയാളത്തിന് മികച്ച ചിത്രം സമ്മാനിച്ച സംവിധായകന്റെ പുതിയ ചിത്രത്തെയും ഏറെ ആകാംക്ഷയോടെയാണ് സിനിമ പ്രേമികൾ ഉറ്റുനോക്കുന്നത്.

Story Highlights: Esra director jay ks film grrr announced