വിജയത്തിന്റെയും സന്തോഷത്തിന്റെയും ചിരി- നന്ദി അറിയിച്ച് ഫഹദും നസ്രിയയും

September 2, 2020

മലയാളികളുടെ പ്രിയ താരജോഡിയാണ് ഫഹദ് ഫാസിലും നസ്രിയയും. ലോക്ക് ഡൗൺ കാല പരിമിതികൾക്കുള്ളിൽ നിന്ന് ചിത്രീകരിച്ച സീ യു സൂൺ ആണ് ഫഹദും നസ്രിയയും അവസാനമായി നിർമിച്ച ചിത്രം. നിർമാണം മാത്രമല്ല, പ്രധാന വേഷവും ഫഹദ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് തന്നെ പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചതിനുള്ള നന്ദിയും സ്നേഹവും അറിയിക്കുകയാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രേക്ഷകർക്ക് നന്ദി അറിയിക്കുന്നത്.

മലയാള സിനിമാ ലോകത്തുനിന്നും മൂന്നാമതായി ഓൺലൈൻ പ്രദർശനത്തിനെത്തുന്ന ചിത്രമാണ് സീ യു സൂൺ. അഭിനേതാക്കളെല്ലാം വിവിധ ഇടങ്ങളിൽ ഇരുന്ന് ഐ ഫോണിൽ ചിത്രീകരിച്ച സിനിമ മലയാളികൾ ഇതുവരെ കാണാത്ത തരത്തിലുള്ള ത്രില്ലറാണ്. വിർച്വലായി മാറുന്ന എല്ലാ കാഴ്ചകളും മഹേഷ് നാരായണൻ എന്ന സംവിധായകൻ സീ യു സൂണിലേക്ക് പകർത്തിയിട്ടുണ്ട്.

ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ നസ്രിയയും ഫഹദും അതീവ സന്തോഷത്തിലാണ്. കാരണം, ഫഹദിന്റെയും നസ്രിയയുടെയും ഫ്ലാറ്റ് പൂർണമായും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. കിടപ്പുമുറി ഒഴികെ എല്ലായിടങ്ങളും ചിത്രത്തിനായി ഉപയോഗിച്ചതെയി ഫഹദ് മുൻപ് വ്യക്തമാക്കിയിരുന്നു. നസ്രിയയാണ് ഏറ്റവും വലിയ പിന്തുണയെന്നും സീ യു സൂൺ എന്ന ചിത്രത്തിനായി മഹേഷ് നാരായണനുമായി ഏറ്റവും കൂടുതൽ സംവദിച്ചതും നസ്രിയ ആയിരുന്നുവെന്നും ഫഹദ് പറയുന്നു. അതുകൊണ്ട് തന്നെ സീ യു സൂണിന്റെ വിജയം വ്യക്തിപരമായി നസ്രിയയുടേതും കൂടിയാണ്.

ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പൂർണമായും ഉപയോഗിച്ച് ഒരുക്കിയ ചിത്രമാണ് സീ യു സൂൺ. ലോക്ക് ഡൗൺ കാരണമാണ് ഈ ചിത്രം ഒരുങ്ങിയതെന്ന് ഫഹദ് ഫാസിൽ പറയുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കിയ മാലിക് തിയേറ്ററിലേക്ക് എത്താൻ ഒരുങ്ങുന്ന സമയത്താണ് ലോക്ക് ഡൗൺ പ്രതിസന്ധി വന്നത്. പിന്നീട് മെയ് മുതൽ ജൂലൈ വരെയുള്ള മാസങ്ങൾ കൊണ്ട് ചിത്രീകരിച്ച സിനിമയാണ് സീ യു സൂൺ.

Story highlights- fahadh fasil and nazriya nazim about the success of c u soon