ഏറ്റവും പ്രിയപ്പെട്ടത് ബാറ്റും ബോളും, രണ്ട് വയസുമുതൽ ക്രിക്കറ്റ് കളിച്ചുതുടങ്ങി; ധോണിയെപോലെ ആകണമെന്ന് കുഞ്ഞ് ഗൗരി

September 1, 2020

ക്രിക്കറ്റിനെയും ക്രിക്കറ്റ് താരങ്ങളെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന നിരവധിപേരെ നാം കാണാറുണ്ട്. ഇഷ്ട താരങ്ങളെ അനുകരിച്ച് ക്രിക്കറ്റ് കളിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്ന ഗൗരി എന്ന കുഞ്ഞു മിടുക്കിയാണ് സോഷ്യൽ ലോകത്തെ താരം. അമേരിക്കയിലെ ഐഡാഹോയിൽ അച്ഛനോടും അമ്മയോടും ഒപ്പം സ്ഥിര താമസമാണ് ഗൗരികുട്ടിയും.

അഞ്ച് വയസുകാരിയായ ഗൗരി രണ്ടു വയസു മുതൽ ബാറ്റും ബോളുമെടുത്ത് ക്രിക്കറ്റ് കളിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ മൂന്ന് വയസ് കഴിഞ്ഞപ്പോഴേക്കും ബോളുകൾ കൃത്യ സ്ഥാനത്ത് കൊള്ളിക്കാൻ തുടങ്ങി ഈ കുഞ്ഞുമിടുക്കി. ഇതോടെ ഗൗരിയുടെ ക്രിക്കറ്റിനോടുള്ള ഇഷ്ടം അച്ഛനും അമ്മയും തിരിച്ചറിഞ്ഞു. ഗൗരിയുടെ അച്ഛൻ സുജിത് ക്രിക്കറ്റ് കളിക്കാറുണ്ട്. ഇത് കണ്ടാണ് ഗൗരിക്കും ക്രിക്കറ്റ് ഇത്രയധികം പ്രിയപ്പെട്ടതായി മാറിയത്.

Read also:‘അശ്രദ്ധ അപകടത്തിന് കാരണമാകും’, പട്ടത്തിനൊപ്പം പറന്നുയർന്ന കുഞ്ഞ്; ആദ്യം ഭീതി, പിന്നെ ആശ്വാസം

ആരംഭത്തിൽ അച്ഛൻ സുജിത്തിന്റെ കീഴിൽ ആയിരുന്നു കുഞ്ഞ് ഗൗരി ക്രിക്കറ്റ് പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ കോച്ച് പ്രതീഷ് പി ഹരിദാസ് ഗൗരിക്ക് പരിശീലനത്തിനായി പൂർണ പിന്തുണയും നൽകി കൂടെയുണ്ട്. ഗൗരിയുടെ ക്രിക്കറ്റ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മികച്ച പിന്തുണയാണ് സോഷ്യൽ ലോകത്ത് നിന്നും ലഭിക്കുന്നത്. ഗൗരിയുടെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയാണ്. അദ്ദേഹത്തെ പോലെ ഒരു മികച്ച ക്രിക്കറ്റർ ആകണമെന്നാണ് ഈ കുഞ്ഞു മിടുക്കിയുടെയും ആഗ്രഹം..

Story Highlights : Little Girl Gauri Cricket Video