‘മാലിക്കിനായി ശരീരഭാരം കൂട്ടാൻ ഫഹദിനോട് ആവശ്യപ്പെടരുതെന്ന് മമ്മൂക്ക പറഞ്ഞിരുന്നു’- മഹേഷ് നാരായണൻ

September 12, 2020

ലോക്ക് ഡൗൺ കാലത്ത് വളരെ അപ്രതീക്ഷിതമായാണ് ‘സീ യു സൂൺ’ പ്രേക്ഷകരിലേക്ക് എത്തിയത്. പരിമിതികളിൽ നിന്നുകൊണ്ട് മഹേഷ് നാരായണൻ മലയാളത്തിന് സമ്മാനിച്ചത് മികച്ച ത്രില്ലർ ചിത്രമാണ്. ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരുടെ പ്രകടനം കൊണ്ടും വേറിട്ടുനിന്ന ചിത്രം കയ്യടികൾ നേടുമ്പോൾ മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രം മാലിക് പ്രതിസന്ധിയിൽ തുടരുകയാണ്. ഫഹദ് ഫാസിൽ നായകനായ ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോഴാണ് ലോക്ക് ഡൗൺ പ്രതിസന്ധി സൃഷ്ടിച്ചത്. ആ ഇടവേളയിൽ ഫഹദും മഹേഷ് നാരായണനും ആവിഷ്‌കരിച്ച ആശയമാണ് സീ യു സൂൺ. മാലിക്കിൽ വിവിധ പ്രായത്തിലൂടെയാണ് ഫഹദ് ഫാസിൽ കടന്നുപോകുന്നത്. ആ പ്രായത്തിലൂടെ കടന്നുപോകുമ്പോൾ ഫഹദ് ഫാസിലിന് മമ്മൂട്ടി നൽകിയ നിർദേശത്തെക്കുറിച്ച് മഹേഷ് നാരായണൻ മനസ് തുറക്കുന്നു.

പല ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുകൊണ്ട് ഫഹദിന്റെ ലുക്ക് ചർച്ചകൾ നടന്നിരുന്നു. ലുക്ക് തീരുമാനിക്കുന്നതിന് മുന്നോടിയായി മമ്മൂട്ടി പങ്കുവെച്ച നിർദേശമാണ് മഹേഷ് നാരായണൻ സ്വീകരിച്ചതും. കഥാപാത്രത്തിനായി ശരീരഭാരം കൂട്ടണോ കുറയ്ക്കണോ എന്ന് ഫഹദ് ചോദിച്ചിരുന്നു. പൊതുവെ ഫഹദും അച്ഛൻ ഫാസിലും മെലിഞ്ഞ ശരീര പ്രകൃതമുള്ളവരാണ്. അതേകാര്യത്തെ കുറിച്ച് മമ്മൂട്ടിയും ഒരു അഭിപ്രായം പങ്കുവെച്ചിരുന്നു. കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടാൻ ഫഹദിനോട് ആവശ്യപ്പെടരുതെന്നും അങ്ങനെ ചെയ്‌താൽ അദ്ദേഹത്തിന്റെ അഭിനയത്തിലെ നിയന്ത്രണം നഷ്ടമാകുമെന്നുമാണ് മമ്മൂക്ക പറഞ്ഞതെന്ന് മഹേഷ് നാരായണൻ വ്യക്തമാക്കുന്നു.

ഫഹദ് ഒരു മെത്തേഡ് ആക്ടർ ആണെന്നും എന്താണ് ആ മെത്തേഡ് എന്നാർക്കും അറിയില്ലെന്നും മഹേഷ് നാരായണൻ പറയുന്നു. സിനിമാ നിരൂപകൻ രാജീവ് മസന്തിന് നൽകിയ അഭിമുഖത്തിലാണ് മഹേഷ് നാരായണൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Read maore: ‘വീണ്ടും തമിഴിൽ ഒരു റൊമാന്റിക് കോമഡി ചെയ്യാൻ ആഗ്രഹിക്കുന്നു’- ആരാധകന് മറുപടി നൽകി പൃഥ്വിരാജ്

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മാലിക്. ചിത്രത്തിന് വേണ്ടിയുള്ള ഫഹദിന്റെ മേക്കോവർ നേരത്തെ വൈറലായിരുന്നു. സിനിമയ്ക്കായി 20 കിലോയോളമാണ് ഫഹദ് കുറച്ചത്. ചിത്രത്തിൽ 57 വയസുകാരന്റെ വേഷത്തിലും താരം എത്തുന്നുണ്ട്. തുറയിലാശാനായാണ് ഫഹദ് ഫാസിൽ വേഷമിടുന്നത്.