‘ഏതുകാലവും ചെത്തുചുള്ളനായി സ്‌ക്രീനില്‍…’; മമ്മൂട്ടിക്കായി ഒരു പിറന്നാള്‍ ഗാനസമ്മാനം

September 7, 2020
Mammookka's Birthday Mashup By Nadirshah And Team

പിറന്നാള്‍ നിറവിലാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി ഇന്ന്. നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. താരത്തിന് വ്യത്യസ്തമായ ഒരു പിറന്നാള്‍ സമ്മാനമൊരുക്കിയിരിക്കുകയാണ് നാദിര്‍ഷയും സുഹൃത്തുക്കളും ചേര്‍ന്ന്. പ്രത്യേക ഗാനമാണ് ഇത്. സന്തോഷ് വര്‍മയുടേതാണ് ഗാനത്തിലെ വരികള്‍. നാദിര്‍ഷ സംഗീതം പകര്‍ന്നിരിക്കുന്നു. അഫ്‌സലാണ് ആലാപനം. രമേഷ് പിഷാരടി, അജയ് വാസുദേവ് മാര്‍ത്താണ്ഡന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോള്‍മാരായ ബാദുഷ, ഡിക്‌സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് മമ്മൂട്ടി. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.

Read more: പിറന്നാള്‍ നിറവില്‍ മമ്മൂട്ടി; സ്പെഷ്യല്‍ മാഷപ്പ് വീഡിയോ ട്രെന്‍ഡിങ്ങില്‍

എണ്‍പതുകളുടെ തുടക്കത്തില്‍ സിനിമയിലേക്ക് എത്തിയ മമ്മൂട്ടി ഓരോ കഥാപാത്രങ്ങളേയും അതിന്റെ പരിപൂര്‍ണ്ണതയില്‍ അവതരിപ്പിക്കുന്നു. 1971-ല്‍ പ്രേക്ഷകരിലേക്കെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടിയുടെ ആദ്യചിത്രം. തുടര്‍ന്ന് കെ ജി ജോര്‍ജ് സംവിധാനം നിര്‍വഹിച്ച മേള എന്ന ചിത്രത്തിലൂടെ മമ്മൂട്ടി എന്ന നടന്‍ ചലച്ചിത്രലോകത്ത് ഒരു അടയാളമായി മാറി. പിന്നീട് എത്രയെത്ര സിനിമകള്‍… എത്രയെത്ര കഥാപാത്രങ്ങള്‍….

സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്നത്. ചലച്ചിത്രലോകത്തിന് അകത്തും പുറത്തുമുള്ളവര്‍ ആശംസകളുമായി രംഗത്തെത്തുന്നുണ്ട്. സിനിമയ്ക്ക് പുറത്ത് പലപ്പോഴും മമ്മൂട്ടി നടത്താറുള്ള സാമൂഹിക ഇടപെടലുകളും പലപ്പോഴും അദ്ദേഹത്തെ ആരാധകര്‍ക്ക് പ്രിയങ്കരനാക്കുന്നു.

Story highlights: Mammookka’s Birthday Mashup By Nadirshah And Team