പ്രണയ ഭാവങ്ങളിൽ അജു, ആസ്വദിച്ച് പാടി വിനീത് ശ്രീനിവാസൻ; മനോഹരം ‘സാജൻ ബേക്കറി’യിലെ ഗാനം

September 8, 2020

കോമഡി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് അജു വർഗീസ്. നായകനായും പ്രതിനായകനായുമെല്ലാം വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ അജു വർഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘സാജൻ ബേക്കറി since 1962’. അരുൺ ചന്തു സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത് അജു വർഗീസ് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചലച്ചിത്രതാരം ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പങ്കുവെച്ചിരിക്കുന്നത്. തോരാമഴയിലും എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്.

ബേക്കറിയുടെ പശ്ചാത്തലത്തിൽ പറയുന്ന സിനിമയുടെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിക്കുന്നത് പത്തനംതിട്ട, റാന്നി, തേനി ബാംഗ്ലൂർ എന്നിവടങ്ങളിലാണ്. കേരളത്തിലെ വളരെ പ്രസിദ്ധമായ പരുമല പള്ളി പെരുന്നാളും സിനിമയുടെ ആവശ്യങ്ങൾക്കായി ചിത്രീകരിച്ചിരുന്നു. ലളിതമായ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം കുറെ നന്മയുള്ള മനുഷ്യരുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ അജു വർഗീസിനൊപ്പം ലെന, ഗണേഷ് കുമാർ എന്നിവരും അഭിനയിക്കുന്നുണ്ട്.

ഹ്രസ്വ ചിത്രങ്ങളിലൂടെ പ്രസിദ്ധനായ സംവിധായകനാണ് അരുൺ ചന്തു. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസൻ, വൈശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Read also: ഇങ്ങനെയും വീട് പണിയാം; കൗതുകക്കാഴ്ചയായി ചെളി നിറച്ച ബാഗുകൾകൊണ്ട് പണിത വീട്

അതേസമയം അജു വർഗീസ് കേന്ദ്ര കഥാപാത്രമായെത്തുന്ന മറ്റൊരു ചിത്രമാണ് ആര്‍ട്ടിക്കിള്‍ 21. അടുത്തിടെ ചിത്രത്തിന്റെ കാരക്ടര്‍ പോസ്റ്ററും പുറത്തെത്തിയിരുന്നു. ലെനിന്‍ ബാലകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വോക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും ചേര്‍ന്നാണ് നിര്‍മാണം. അജു വര്‍ഗീസിന് പുറമെ, ലെന, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്‍, മാസ്റ്റര്‍ നന്ദന്‍, രാജേഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അതിഥി കഥാപാത്രമായി ജോജു ജോര്‍ജും ചിത്രത്തിലെത്തുന്നുണ്ട്. വളരെ ഗൗരവമേറിയതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ ഒരു വിഷയമാണ് സിനിമയുടെ പ്രമേയം എന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. 

Story Highlights: Saajan Bakery Since 1962 song Thoramazhayilum