അതിസാഹസീകതയുമായി വീണ്ടും ടോം ക്രൂസ്; ‘മിഷൻ ഇംപോസിബിൾ-7’ ന് തുടക്കമായി, വീഡിയോ

September 7, 2020

സാഹസീക പ്രകടനം കൊണ്ട് ആരാധകരെ എന്നും അത്ഭുതപ്പെടുത്താറുള്ള താരമാണ് ടോം ക്രൂസ്. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് വീണ്ടും ആരാധകരെ അമ്പരപ്പിക്കുന്നത്. ‘മിഷൻ ഇംപോസിബിൾ-7’ ചിത്രീകരണം ആരംഭിച്ചു. ഡ്യൂപ്പിനെ വെയ്ക്കാതെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാറുള്ള താരത്തിന്റെ പുതിയ ചിത്രത്തിലെ വീഡിയോകളും ആരാധകരെ അവിശ്വസിപ്പിക്കുന്ന രീതിയിലുള്ളതാണ്.

മിഷൻ ഇംപോസിബിൾ-7ന്റെ ആദ്യദിനവും സാഹസികമായ ആക്​ഷൻ രംഗമാണ് ചിത്രീകരിച്ചത്. ബൈക്കിൽ നിന്നും വലിയൊരു മലയുടെ താഴേയ്ക്ക് വീഴുന്ന രംഗങ്ങളാണ് പുതിയ വീഡിയോയിൽ കാണുന്നത്. മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാളൗട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ക്രിസ്റ്റഫർ മക്വാറി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിഷൻ ഇംപോസിബിൾ-7’.

Read also: മമ്മൂക്കയുടെ പിറന്നാളിന് ഇരട്ടി മധുരം; ‘വൺ’ ടീസർ പങ്കുവെച്ച് അണിയറപ്രവർത്തകർ

അതേസമയം മിഷൻ ഇംപോസിബിൾ സിക്സിന്റെ ഷൂട്ടിങ്ങിനിടെ താരത്തിന് അപകടം സംഭവിച്ചതും ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. ഈ ചിത്രത്തിന് വേണ്ടി ബുർജ് ഖലീഫയുടെ മുകളിൽ നിന്ന് ചാടുന്ന ദൃശ്യവും, വിമാനത്തിൽ നിന്ന് ചാടുന്ന ദൃശ്യങ്ങളുമൊക്കെ നേരത്തെ ആരാധകരെ ഞെട്ടിച്ചിരുന്നു. അതിസാഹസികമായ ഹാലോ ജംപ് ടോം ക്രൂസ് ഈ സിനിമയ്ക്കായി ചെയ്തിരുന്നു. വിമാനത്തിൽ നിന്നും 25000–30000 അടി മുകളിൽ നിന്നും ചാടുക. നിലത്ത് എത്താറായെന്ന് ഏകദേശം ഉറപ്പുള്ള സമയത്ത് മാത്രം പാരച്യൂട്ട് ഉപയോഗിക്കുക. ചെറിയൊരു അബദ്ധം സംഭവിച്ചാൽ മരണം പോലും ഉണ്ടായേക്കാവുന്ന അതിസാഹസികതയാണ് ടോം ക്രൂസ് ചിത്രത്തിനായി ചെയ്തത്.

Story Highlights:tom cruise mission impossible 7