ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തമായ ഇഷ്ടം കണ്ടെത്തി ആൻ ശീതൾ; ഡ്രോൺ വീഡിയോഗ്രാഫറായി താരം

October 12, 2020

മനസ്സിലൊളിപ്പിച്ചതും മാറ്റിവെച്ചതുമായ ഇഷ്ടങ്ങൾ ലോക്ക് ഡൗൺ കാലത്ത് തിരിച്ചുപിടിക്കുന്ന തിരക്കിലാണ് എല്ലാവരും. സിനിമാതാരങ്ങളും അവരിലൂടെ ഇഷ്ടങ്ങൾ കണ്ടെടുക്കുകയാണ്. കൃഷിയും, നൃത്തവും, പാട്ടും, ചിത്രരചനയുമൊക്കെയാണ് പലരുടെയും ഇഷ്ടങ്ങൾ. എന്നാൽ നടി ആൻ ശീതൾ അല്പം വ്യത്യസ്തമായ ഒരു സ്വപ്നം സാക്ഷത്കരിച്ചിരിക്കുകയാണ്.

ഡ്രോൺ വീഡിയോഗ്രാഫിയിലുള്ള കഴിവ് വികസിപ്പിച്ചിരിക്കുകയാണ് താരം. ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോകൾ നടി പങ്കുവെച്ചിട്ടുണ്ട്. ബാംഗ്ലൂർ നിന്നും വാങ്ങിയ ഡ്രോണിലാണ് താരം പരിശീലനം നടത്തുന്നത്. വയനാടിന്റെ സുന്ദര ദൃശ്യങ്ങൾ ആൻ ശീതൾ ഡ്രോണിലൂടെ പകർത്തിയിട്ടുണ്ട്.

നടിയും മോഡലുമായ ആൻ ശീതൾ 2017 ൽ പുറത്തിറങ്ങിയ എസ്രയിലാണ് അരങ്ങേറ്റം കുറിച്ചത്. ഹൊറർ ത്രില്ലറായ എസ്രയിൽ റോസി എന്ന കഥാപാത്രമായാണ് താരം എത്തിയത്. പിന്നീട് രണ്ടു തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. 2019 പുറത്തിറങ്ങിയ പ്രണയ ചിത്രമായ ഇഷ്കിൽ നായികയായി എത്തിയതോടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്.

അതേസമയം, ആൻ ശീതളിനെ ശ്രദ്ധേയയാക്കിയ ഗാനം ‘പറയുവാനിതാദ്യമായി..’ ലോക്ക് ഡൗൺ കാലത്ത് ഒരു നേട്ടത്തിന്റെ തിളക്കത്തിലുമാണ്. യൂട്യൂബിൽ രണ്ടരക്കോടി കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് ഗാനം. ജോ പോളിന്റെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം സിദ് ശ്രീറാമും നേഹ എസ്. നായരും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനത്തിൽ ഷെയ്ൻ നിഗവും ആൻ ശീതളുമാണ് അഭിനയിച്ചത്.

Read More: വാഗ്‌ദാനം പാലിച്ച് ഗോപി സുന്ദർ; ഇമ്രാൻ ഖാൻ പാടിയ പാട്ടെത്തി

അനുരാജ് മനോഹർ സംവിധാനം ചെയ്ത് ഷെയ്ൻ നിഗം, ആൻ ശീതൾ, ഷൈൻ ടോം, ലിയോണ ലിഷോയ് എന്നവർ അഭിനയിച്ച ചിത്രം E4 എന്റർടൈൻമെന്റ്, AVA പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Story highlights- ann sheetal as drone videographer