ചെന്നൈക്കെതിരെ കച്ചകെട്ടി രാജസ്ഥാൻ; മുന്നിൽ 126 റൺസ് വിജയലക്ഷ്യം

October 19, 2020

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയെ എറിഞ്ഞൊതുക്കി രാജസ്ഥാൻ. 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണ് ചെന്നൈ നേടിയത്. വിക്കറ്റുകള്‍ വീഴ്ത്തി രാജസ്ഥാൻ സമ്മർദ്ദം സൃഷ്ടിച്ചതോടെ ചെറിയ സ്കോറിലേക്ക് ചെന്നൈ ഒരുങ്ങുകയായിരുന്നു. 126 റൺസാണ് രാജസ്ഥാന് മുന്നിലുള്ള വിജയലക്ഷ്യം. രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് പ്രകടനമാണ് ചെന്നൈയെ നിലനിർത്തിയത്. ജഡേജയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. 30 പന്തിൽ 35 റൺസാണ് ജഡേജ സ്വന്തമാക്കിയത്.

ധോണി 28 പന്തിൽ 28 റൺസും, സാം കറൻ 25 പന്തിൽ 22 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അഞ്ചാം വിക്കറ്റില്‍ ജഡേജയും ധോണിയും ചേർന്ന് നേടിയ 50 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.

13 റൺസിൽ നിൽക്കെ ഒന്നാം വിക്കറ്റ് വീഴ്ത്തി ജോഫ്രയാണ് കൂട്ടുകെട്ട് പൊളിച്ചത്. 10 റൺസെടുത്ത ഡുപ്ലേസിയെ ജോസ് ബട്‍ലർ പുറത്താക്കി. ശ്രേയസ് ഗോപാലാണു കറനെ പുറത്താക്കിയത്. സ്കോർ 56ല്‍ എത്തിയപ്പോൾ അംബാട്ടി റായുഡുവിനെ രാഹുൽ തെവാട്ടിയ പുറത്താക്കി.

28 റണ്‍സ് നേടി ധോണി 18ാം ഓവറില്‍ റണ്ണൗട്ടായി. രവീന്ദ്ര ജഡേജയും കേദാർ ജാദവും ചേർന്ന് ചെന്നൈയുടെ സ്‌കോർ 120ലേക്ക് ഉയർത്തി. കേദാർ ജാദവ് ഏഴ് പന്തുകളിൽനിന്ന് നാല് റൺസെടുത്തു പുറത്താകാതെനിന്നു. രാജസ്ഥാൻ റോയൽസിന് വേണ്ടി ജോഫ്ര ആര്‍ച്ചർ, കാർത്തിക് ത്യാഗി, ശ്രേയസ് ഗോപാൽ, രാഹുൽ തെവാട്ടിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Story highlights- chennai super kings v/s rajasthan royals