അനുസിത്താരയുടെ ഉണ്ണിമായയ്ക്ക് ഒരു ‘കുട്ടി ആരാധിക’- വീഡിയോ പങ്കുവെച്ച് താരം

October 1, 2020

മലയാളികൾക്കിടയിൽ ശ്രദ്ധ നേടുകയാണ് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലെ ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ..’ എന്ന ഗാനം. ദുൽഖർ സൽമാൻ പാടിയ പാട്ടിൽ ഉണ്ണിമായയായി എത്തുന്നത് അനുസിത്താരയാണ്. ജേക്കബ് ഗ്രിഗറി നായകനായ സിനിമയില്‍ അതിഥി വേഷത്തിലാണ് അനുസിത്താര എത്തിയത്. നാട്ടിലെ സ്വപ്‌നസുന്ദരിയായി അനുസിത്താര പാട്ടിൽമാത്രമേ എത്തുന്നുവെങ്കിലും ആരാധകരുടെയും ഹൃദയം കവർന്നിരിക്കുകയാണ് താരം.

മൊഞ്ചത്തിപ്പെണ്ണേ ഗാനം യുട്യൂബിൽ എത്തിയതോടെ നിരവധി ആളുകളാണ് കവർ വേർഷൻ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ, ഒരു ‘കുട്ടി ആരാധിക’ ഉണ്ണിമായയായി എത്തിയിരിക്കുകയാണ്. പോപ്പി കുടയും ചൂടി പാട്ടിനൊപ്പം ചെറുപുഞ്ചിരിയോടെ സാരിയൊക്കെ ഉടുത്ത് നടക്കുകയാണ് മിടുക്കി. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അനുസിത്താര ഈ വീഡിയോ പങ്കുവെച്ചത്. അനുസിത്താരയ്ക്ക് പുറമെ നസ്രിയയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു.

തിരുവോണ ദിനത്തിൽ നെറ്റ്ഫ്ലിക്സിലാണ് ദുൽഖർ സൽമാന്റെ പ്രൊഡക്ഷനിലൊരുങ്ങിയ മണിയറയിലെ അശോകൻ പ്രദർശനത്തിനെത്തിയത്. ആറുമാസക്കാലമായി തിയേറ്റർ റിലീസുകൾ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ റിലീസുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. വേഫെയറര്‍ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിച്ച മണിയറയിലെ അശോകനിൽ ജേക്കബ് ഗ്രിഗറിയാണ് നായകനായത്. ദുൽഖർ അതിഥി വേഷത്തിലും എത്തിയിരുന്നു.

Read More: കൊവിഡ് പ്രതിസന്ധി; ‘ദൃശ്യം 2’ൽ അഭിനയിക്കാൻ അൻപത് ശതമാനത്തോളം പ്രതിഫലം കുറച്ച് മോഹൻലാൽ

ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, അനുപമ പരമേശ്വരന്‍, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ്, ഒനിമ തുടങ്ങിയവരാണ് മണിയറയിലെ അശോകനിലെ മറ്റ് പ്രധാന താരങ്ങള്‍. നവാഗതനായ ഷംസു സായ്ബയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് കൃഷ്ണന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് സജാദ് കാക്കു ഛായാഗ്രഹണവും, അപ്പു ഭട്ടതിരി എഡിറ്റിംഗും ശ്രീഹരി കെ നായര്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു.

Story highlights- monjathipenne unnimaye song cover