ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ചെറുക്കാം അള്‍സറിനേയും

Tips for prevent stomach ulcer

അള്‍സര്‍ എന്ന രോഗാവസ്ഥ ഇന്ന് പ്രായഭേദമന്യേ പലരേയും അലട്ടാറുണ്ട്. കൃത്യതയില്ലാത്ത ഭക്ഷണരീതിയാണ് പ്രധാനമായും അള്‍സറിന് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അള്‍സറിനെ ചെറുക്കാന്‍ സാധിക്കും.

അള്‍സറിന്റെ സാധ്യതയുള്ളവര്‍ പോലും എരിവും പുളിയും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. എരിവ്, പുളി എന്നിവയൊക്കെ അല്‍പം മാത്രം ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങളുടേയും അളവ് കുറയ്ക്കാം. ഇടവേളകളില്‍ വറുത്ത സ്‌നാക്‌സ് കഴിക്കുന്നതിന് പകരമായി പച്ചക്കറികളോ പഴങ്ങളോ സാലഡോ അല്ലെങ്കില്‍ നട്‌സോ ശീലമാക്കാവുന്നതാണ്.

മൂന്ന് നേരം അമിതമായി ഭക്ഷണം കഴിക്കുന്നതിനു പകരം അഞ്ച് നേരങ്ങളിലായി മിതമായി ഭക്ഷണം കഴിക്കുന്നതാണ് എപ്പോഴും ആരോഗ്യകരം. ഇത് വിശപ്പിനെ ചെറുക്കാനും സഹായിക്കുന്നു. അള്‍സര്‍ രോഗാവസ്ഥ ഉള്ളവര്‍ വിശന്നിരിക്കുന്നത് കൂടുതല്‍ ഹാനികരമാണ്. അതിനാല്‍ ഇടയ്ക്കിടെ ചെറിയ തോതില്‍ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.

മസാലകള്‍ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്. അതുപോലെ പൊട്ടറ്റോ ചിപ്‌സ്, ഫാസ്റ്റ് ഫുഡ്, സോയാ സോസ്, സാള്‍ട്ടഡ് നട്‌സ് എന്നിവയും അള്‍സര്‍ വര്‍ധിപ്പിക്കാന്‍ കാരണമാകും. അതുകൊണ്ടുതന്നെ ഇവയും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവയും അള്‍സറിന് കാരണമാകാറുണ്ട്. ഇവയുടെ ഉപയോഗവും കുറയ്ക്കാന്‍ ശ്രദ്ധിക്കുക. മുന്തിരി, നാരങ്ങ, ഓറഞ്ച് തുടങ്ങിയ അസിഡിറ്റി കൂടുതലുള്ള പഴ വര്‍ഗങ്ങളും അള്‍സര്‍ രോഗാവസ്ഥയിലുള്ളവര്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്.

Story highlights: Tips for prevent stomach ulcer