‘നവരസ’യിൽ സൂര്യയുടെ നായികയായി പ്രയാഗ മാർട്ടിൻ

December 11, 2020

ഗൗതം മേനോൻ ചിത്രത്തിൽ സൂര്യയുടെ നായികയായി പ്രയാഗ മാർട്ടിൻ. നവരസ എന്ന ആന്തോളജി ചിത്രത്തിൽ സൂര്യയെ നായകനാക്കി ഗൗതം മേനോൻ ഒരുക്കുന്ന ചിത്രത്തിലാണ് പ്രയാഗ വേഷമിടുന്നത്. മലയാളി പ്രേക്ഷകർക്ക് പരിചിത മുഖമായ പ്രയാഗ മാർട്ടിൻ മുൻപ് ഒരു തമിഴ് ചിത്രത്തിൽ വേഷമിട്ടിരുന്നു. നായികയായി വെള്ളിത്തിരയിലേക്ക് പ്രയാഗ അരങ്ങേറ്റം കുറിച്ചതുതന്നെ പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. അതേസമയം, അണിയറപ്രവർത്തകരിൽ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ആവേശത്തിലാണ് ആരാധകർ.

സംവിധായകൻ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്ന് ഒരുക്കുന്ന നവരസ എന്ന ആന്തോളജി ചിത്രത്തിൽ മുൻനിര താരങ്ങളാണ് അണിനിരക്കുന്നത്. നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്ന നവരസയിലൂടെ നടൻ സൂര്യ തന്റെ ഡിജിറ്റൽ അരങ്ങേറ്റം നടത്തുകയാണ്. ചിത്രത്തിൽ നിന്നുള്ള സൂര്യയുടെ ലുക്ക് പുറത്തുവന്നിരുന്നു.

അതേസമയം, മലയാളി നടി പാര്‍വതിയും നവരസയിൽ വേഷമിടുന്നുണ്ട്. രതീന്ദ്രന്‍ ആര്‍ പ്രസാദിന്റെ ചിത്രത്തിലാണ് പാര്‍വതി അഭിനയിക്കുന്നത്. രേവതി, സിദ്ധാർത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, വിക്രാന്ത്, ഗൗതം കാർത്തിക്, ഐശ്വര്യ രാജേഷ് തുടങ്ങിയ താരങ്ങളും നവരസയിൽ വേഷമിടുന്നുണ്ട്. പ്രസന്ന, നിത്യ മേനോൻ, ബോബി സിംഹ, പൂർണ, അശോക് സെൽവൻ, റോബോ ശങ്കർ എന്നിവരും നവരസയിൽ ഉണ്ട്.

കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിങ്ങനെ ഒൻപത് രസങ്ങൾ അടിസ്ഥാനമാക്കിയാണ് ആന്തോളജി ചിത്രം ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബെജോയ് നമ്പ്യാർ, ഗൗതം വാസുദേവ് ​​മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് ഓരോ ചിത്രങ്ങളും സംവിധാനം ചെയ്യുന്നത്.

Read More: കുരങ്ങിനോട് കുശലം പറഞ്ഞ് കുഞ്ചാക്കോ ബോബൻ- രസകരമായ വീഡിയോ

ചിത്രങ്ങളിൽ നിന്നുള്ള വരുമാനം കൊറോണ വൈറസ് പ്രതിസന്ധിയിലാക്കിയ തമിഴ് സിനിമയിലെ ചലച്ചിത്ര പ്രവർത്തകരുടെ ക്ഷേമത്തിലേക്ക് നൽകാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ഈ മാസം ആദ്യം പ്രഖ്യാപിച്ച ‘പാവ കഥൈകൾ’ എന്ന ചിത്രത്തിന് ശേഷം നെറ്റ്ഫ്ലികസ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ആന്തോളജി ചിത്രമാണ് നവരസ.

Story highlights- Prayaga Martin plays the female lead in Suriya-Gautham Menon film