lakshya

ഇത് അംല റൂയ; ആയിരക്കണക്കിന് ഗ്രാമീണരുടെ ദാഹമകറ്റിയ ജലമാതാവ്

January 28, 2021
amla ruia

കുടിവെള്ളപ്രശ്നം ഇന്ന് പലയിടങ്ങളിലെയും പേടി സ്വപ്നമായി മാറിക്കഴിഞ്ഞു. വേനലായാൽ കുടിവെള്ളപ്രശ്നം വളരെ രൂക്ഷമാകുന്ന ഇടങ്ങളിൽ ഒന്നായിരുന്നു രാജസ്ഥാ ഗ്രാമങ്ങളും. ഓരോ വേനലും ആ നാട്ടുകാരുടെ പേടിസ്വപ്നങ്ങൾ കൂടിയായിരുന്നു. എന്നാൽ ആ നാട്ടുകാരുടെ ഒരുപരിധിവരെയുള്ള വെള്ളത്തിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടത് അംല റൂയ എന്ന 75 കാരിയുടെ വിവേകപൂർവമുള്ള ഇടപെടൽ കൊണ്ടാണ്.

രാജസ്ഥാൻ ജലമാതാവ് എന്നാണ് അംല റൂയയെ പല മാധ്യമങ്ങളും വിശേഷിപ്പിച്ചിരുന്നത്. ഈ വിശേഷണം ഒരു പരിധിവരെ ശരിയായിരുന്നുവെന്നുവേണം പറയാനും. 2000 ലാണ് സാമൂഹ്യപ്രവർത്തകയായ അംല റൂയ മുംബൈയിൽ നിന്നും രാജസ്ഥാനിലെത്തുന്നത്. ആ കാലഘട്ടങ്ങളിൽ രാജസ്ഥാനിൽ വരൾച്ച അതികഠിനമായിരുന്നു.

രാജസ്ഥാനിലെത്തിയ അംല വരൾച്ച ബാധിച്ച സ്ഥലങ്ങളിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ആകാർ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിച്ചു. ഇതിന്റെ ഭാഗമായി ഗ്രാമങ്ങളിൽ ജലസംഭരണത്തിനായി ചെക്ക് ഡാമുകൾ ആണ് ആദ്യം സ്ഥാപിച്ചത്. പിന്നീട് മഴവെള്ള സംഭരണത്തിനായുള്ള മഴക്കുഴികൾ, പരമ്പരാഗത വെള്ളം ശേഖരിക്കുന്ന സ്ഥലങ്ങൾ എന്നിവ ഒരുക്കി. ഉൾഗ്രാമങ്ങളിലെ പല പ്രദേശങ്ങളിൽ ഇപ്പോഴും ഈ കുഴികളിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. ഫണ്ട് റൈസിങ് വഴിയും സന്നദ്ധ സംഘടനകളുടെ സഹായത്താലും ഗ്രാമീണരുടെ സഹായത്താലുമൊക്കെയാണ് ഈ ജലസംഭരണികൾ ഉയർന്നത്.

Read also:അന്ന് രോഗിയായ അച്ഛനെയുംകൊണ്ട് 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ ജ്യോതി കുമാരിയെത്തേടി രാഷ്‌ട്ര ബാൽ പുരസ്‌കാരം

ഇതോടെ കിലോമീറ്ററുകളോളം വെള്ളത്തിനായി നടക്കുന്ന ഗ്രാമീണരുടെ ദുരിതജീവിതത്തിന് ഒരുപരിധിവരെ പരിഹാരമായി. കൃഷി, മൃഗസംരക്ഷണം എന്നിവയിൽ കാര്യമായ പുരോഗതിയും ഉണ്ടായി. രാജസ്ഥാന് ശേഷം മധ്യപ്രദേശ്, ബീഹാർ, മഹാരാഷ്‌ട്ര, ഛത്തീസ്ഗഡ്, തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും അംലയുടെ സംഘടന പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

Story Highlights:amla ruia who helped solve water crisis in rajasthan