കെജിഎഫ് 2-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; ചിത്രം ജൂലൈയില്‍ പ്രേക്ഷകരിലേയ്ക്ക്

January 29, 2021
KGF 2 release date announced

ചലച്ചിത്ര ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് കെജിഎഫ് 2. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജൂലൈ 16 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കെജിഎഫിന്റെ രണ്ടാം ഭാഗമാണ് കെജിഎഫ് 2. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തും. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. നായകനായ യാഷിന്റെ ഗംഭീര പ്രകടനം തന്നെയാണ് ടീസറിലെ പ്രധാന ആകര്‍ഷണം.

യാഷ് എന്ന ചലച്ചിത്ര താരത്തെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയ ചിത്രംകൂടിയാണ് കെജിഎഫ്. കോലാര്‍ സ്വര്‍ണഖനിയിലെ തൊഴിലാളികളുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്. പ്രശാന്ത് നീലാണ് ചിത്രത്തിന്റെ സംവിധാനം. ശ്രീനിധി ഷെട്ടി ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്.

2018 ഡിസംബറിലാണ് കെജിഎഫിന്റെ ആദ്യ ഭാഗം പ്രേക്ഷകരിലേയ്‌ക്കെത്തിയത്. അതേസമയം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൃഥ്വിരാജും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിയ്ക്കുന്നത്.

Story highlights: KGF 2 release date announced