lakshya

നിത്യഹരിതനായകന്‍ പ്രേം നസീര്‍ കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞിട്ട് 32 വര്‍ഷങ്ങള്‍

January 16, 2021
Prem Nazir Death Anniversary

നിത്യഹരിതനായകന്‍…; ഈ ഒരു വാക്കു മതി പ്രേം നസീര്‍ എന്ന അതുല്യ കലാകാരാനെ മലാളികള്‍ക്ക് ഓര്‍ത്തെടുക്കാന്‍. കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞെങ്കിലും നിത്യ ഹരിത നായകന്റെ ഓര്‍മ്മകള്‍ ഇന്നും മലയാള മനസ്സുകളില്‍ നിന്നും കുടിയിറങ്ങിപ്പോയിട്ടില്ല. അത്രമേല്‍ തീവ്രമാണ് താരം അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ ആഴം.

മൂന്ന് പതിറ്റാണ്ടുകള്‍ കടന്നു പ്രേം നസീറിനെ മരണം കവര്‍ന്നിട്ട്. കൃത്യമായി പറഞ്ഞാല്‍ 32 വര്‍ഷങ്ങള്‍. 1989 ജനുവരി 16 ന് തന്റെ അറുപത്തിരണ്ടാം വയസ്സിലാണ് അദ്ദേഹം മരണപ്പെട്ടത്. പ്രേം നസീറിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക് മുമ്പില്‍ പ്രണാമമര്‍പ്പിക്കുകയാണ് മലയാള സിനിമാലോകവും.

പ്രേം നസീര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഏറെയാണ്. 520 സിനിമകളില്‍ നായകനായെത്തിയിട്ടുണ്ട് താരം. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പര്‍ താരമായും പ്രേം നസീറിനെ വിശേഷിപ്പിക്കുന്നു. മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, കള്ളിച്ചെല്ലമ്മ, നദി, അനുഭവങ്ങള്‍ പാളിച്ചകള്‍, വിട പറയും മുന്‍പേ, പടയോട്ടം, ധ്വനി തുടങ്ങിയ ചിത്രങ്ങളിലെല്ലാം പകരംവയ്ക്കാനില്ലാത്ത അഭിനയപ്രകടനമാണ് താരം കാഴ്ചവെച്ചത്.

Read more: കൈകളും കാലുകളുമില്ലാതിരുന്നിട്ടും കരാട്ടെയെ കീഴടക്കിയ മിടുക്കന്റെ ജീവിതകഥ

1926 ഏപ്രില്‍ ഏഴിനായിരുന്നു പ്രേം നസീറിന്റെ ജനനം. അബ്ദുള്‍ ഖാദര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. നാടകനടനായി അഭിനയത്തില്‍ തുടക്കം കുറിച്ച പ്രേം നസീര്‍ 1952-ല്‍ പുറത്തിറങ്ങിയ മരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അബ്ദുള്‍ ഖാദര്‍ എന്ന തന്റെ പേര് രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ സെറ്റില്‍ വെച്ച് പ്രേം നസീര്‍ എന്നാക്കി മാറ്റി അദ്ദേഹം.

നിരവധിയാണ് പ്രേം നസീര്‍ സ്വന്തമാക്കിയ ബഹുമതികളും. പത്മഭൂഷന്‍, പത്മശ്രീ ബഹുമതികള്‍ രാജ്യം അദ്ദേഹത്തിന് നല്‍കി ആദരിച്ചിട്ടുണ്ട്. രണ്ട് ഗിന്നസ് റെക്കോര്‍ഡുകളും പ്രേം നസീര്‍ സ്വന്തമാക്കിയിരുന്നു. അതില്‍ ഒരു റെക്കോര്‍ഡ് 520 സിനിമകളില്‍ നായകനായി അഭിനയിച്ചതിനാണ്. മറ്റൊന്നാകട്ടെ 130 സിനിമകളില്‍ ഒരേ നായികയ്‌ക്കൊപ്പം അഭിനയിച്ചതിനും. മലയാളികളുടെ പ്രിയതാരം ഷീലയാണ് ആ നായിക.

Story highlights: Prem Nazir Death Anniversary