വെള്ളം കുടിയ്ക്കാം മുഖം കഴുകാം; ചൂടുകാലത്തെ മുഖസംരക്ഷണം ഇങ്ങനെയൊക്കെ

Beauty tips for summer season

വേനല്‍ കനത്തു തുടങ്ങിയതോടെ സംസ്ഥാനത്ത് ചൂടും കൂടി. മുഖത്തിനും കൃത്യമായ പരിചരണം നല്‍കേണ്ടതുണ്ട് ഇക്കാലത്ത്. ചൂടുകാലമായതിനാല്‍ മുഖം വേഗത്തില്‍ കരിവാളിക്കാനുള്ള സാധ്യതയുണ്ട്. ചെറിയ രീതിയില്‍ തന്നെ വെയില്‍ കൊള്ളുമ്പോഴേക്കും പലരുടെയും മുഖം പെട്ടെന്ന് കരിവാളിക്കുന്നു. യുവി രശ്മികള്‍ പതിക്കുമ്പോള്‍ ശരീരത്തില്‍ മെലാനിന്റെ അളവ് കൂടുന്നതാണ് നിറവ്യത്യാസത്തിന്റെ കാരണങ്ങളില്‍ ഒന്ന്. മുഖത്ത് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് കരിവാളിപ്പിനെ ചെറുക്കാന്‍ സഹായിക്കും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. അതുപോലെതന്നെ കറ്റാര്‍വാഴയുടെ ജെല്‍ മുഖത്ത് പുരട്ടുന്നതും കരിവാളിപ്പിനെ കുറയ്ക്കാന്‍ സഹായിക്കും.

ചൂടു കൂടുമ്പോള്‍ മുഖം നന്നായി വിയര്‍ക്കും. മുഖക്കൂരു കൂടാനും ഇത് കാരണമാകുന്നു. അതുകൊണ്ട് മുഖം വിയര്‍ത്താല്‍ താമസിയാതെ ശുദ്ധജലത്തില്‍ കഴുകുന്നത് നല്ലതാണ്. ചൂടുകാലത്ത് മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. തണുത്ത കഞ്ഞിവെള്ളം ഉപയോഗിച്ച് ദിവസവും മുഖം കഴുകുന്നതും നല്ലതാണ്. അതുപോലെ തണുത്ത തൈര് മുഖത്ത് പുരട്ടുന്നതും മുഖക്കുരുവിനെ ചെറുക്കാന്‍ സഹായിക്കും. വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം ദിവസവും രണ്ടോ മൂന്നോ തവണ കഴുകുന്നതും നല്ലതാണ്. എണ്ണമയം കുറഞ്ഞ മോയിസ്ചറൈസറും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

അതുപോലെ ചൂടുകാലത്ത് വെള്ളം ധാരാളമായി കുടിക്കണം. വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം വേഗത്തില്‍ നഷ്ടപ്പെടുന്നു. നിര്‍ജ്ജലീകരണം എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്ന പേര്. അതിനാല്‍ കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ചൂടുകാലത്ത് ദിവസവും കുടിക്കണം. മുഖത്തിന്റെ സംരക്ഷണത്തിനും വെള്ളം ധാരാളമായി കുടിക്കേണ്ടതുണ്ട്. അതുപോലെതന്നെ പഴ വര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുന്നതും മുഖസൗന്ദര്യത്തിനും ഒപ്പം ആരോഗ്യത്തിനും ഗുണകരമാണ്.

Story highlights: Beauty tips for summer season