lakshya

ഹോർമോൺ ബാലൻസ് നിലനിർത്താൻ പ്രഭാത ഭക്ഷണത്തിൽ വേണം, കൂടുതൽ കരുതൽ

February 10, 2021

പലരും തിരക്കേറുമ്പോൾ ഒഴിവാക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. രാവിലെ കഴിച്ചില്ലെങ്കിലും ഉച്ചയ്ക്കും രാത്രിയിലും നന്നായി കഴിച്ചാൽ മതായല്ലോ എന്നോർക്കുന്നവരാണ് അധികവും. എന്നാൽ, ശാരീരികമായും മാനസികമായും ആരോഗ്യകരമായിരിക്കാൻ പ്രഭാതഭക്ഷണം ഒഴിവാക്കാൻ പാടില്ല. പ്രത്യേകിച്ച് ഹോർമോൺ അസന്തുലിതാവസ്ഥയുമായി പോരാടുന്ന സമയത്ത് പ്രഭാത ഭക്ഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. മനുഷ്യരിൽ പ്രധാനമായുമുണ്ടാകുന്ന ഹോർമോൺ പ്രശ്നങ്ങളും അവയ്ക്ക് പ്രഭാത ഭക്ഷണത്തിലൂടെ സ്വീകരിക്കാൻ പറ്റുന്ന മാർഗവും അറിയാം.

ഹോർമോൺ ബാലൻസ് എന്ന പദം വളരെ സാധാരണമാണെങ്കിലും എപ്പോഴും അവ അങ്ങനെയായിരിക്കില്ല. രോഗാവസ്ഥയിലും മനസികാവസ്ഥയിലുമെല്ലാം ഹോർമോണുകൾ ചാഞ്ചാടിക്കൊണ്ടേ ഇരിക്കും. ഉദാഹരണത്തിന് പ്രധാന ഹോര്മോണുകളായ കോർട്ടിസോളും ഇൻസുലിനും നോക്കിയാൽ തന്നെ അറിയാം.

വിവിധ വൈകാരികവും പുറമെനിന്നുള്ളതുമായ സമ്മർദ്ദങ്ങൾക്ക് മറുപടിയായി ശരീരം ദിവസം മുഴുവൻ പുറത്തുവിടുന്ന ഒരു ഹോർമോണാണ് കോർട്ടിസോൾ. ഇത് ശരീരത്തെ സമ്മർദ്ദത്തെ ചെറുക്കാനും സമതുലിതമായ അവസ്ഥയിലേക്ക് മടങ്ങാനും സഹായിക്കുന്നു. കോർട്ടിസോൾ ഒരു സ്വാഭാവിക ബയോളജിക്കൽ താളം പിന്തുടരുന്നുണ്ട്. ഇത് ഡൈനൽ റിഥം എന്നാണ് അറിയപ്പെടുന്നത്. ഈ ദൈനംദിന താളം ഉറക്കത്തെയും ഉണർവിനെയും നിയന്ത്രിക്കുന്ന സർക്കാഡിയൻ റിഥവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അതിനാൽ, ദൈനംദിന താളത്തെ അടിസ്ഥാനമാക്കി കോർട്ടിസോളിന്റെ ബാലൻസും മാറിക്കൊണ്ടിരിക്കും. ഉറങ്ങുമ്പോൾ കുറഞ്ഞ അളവിൽ കോർട്ടിസോൾ പ്രവർത്തിക്കും. അർദ്ധരാത്രിയിൽ തീരെ താഴ്ന്നു പോകും. പിനീട് ക്രമേണ വർധിക്കും. ഉണരുമ്പോൾ ഉയർന്ന നിലയിലായിരിക്കും. അതായത് കോർട്ടിസോൾ നില ഉയരുന്നത് ഉണരാനുള്ള സിഗ്നലായി കരുതാം. ഈ സമയത്ത് ഊർജം വർധിപ്പിച്ച് വിശപ്പ് അനുഭവപ്പെടുത്തും. അതുകൊണ്ട് തന്നെയാണ് കോർട്ടിസോൾ നില തുലനതയോടെ നിൽക്കാനായി പ്രഭാത ഭക്ഷണം കഴിക്കണം എന്ന് പറയുന്നത്.

എന്നാൽ, സമ്മർദ്ദം, വീക്കം എന്നിവയ്ക്കുള്ള പ്രതികരണമായി കോർട്ടിസോൾ ഉൽ‌പാദിപ്പിക്കപ്പെടുന്നതിനാൽ, ശരീരത്തിൽ രാസ സമ്മർദ്ദം വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്. ഇതിനർത്ഥം പഞ്ചസാര നിറഞ്ഞ ഭക്ഷണങ്ങളിൽ നിന്നും വിട്ടുനിൽക്കുക എന്നതാണ്. ഇതിലൂടെ ശരീരഭാരം,തൈറോയ്ഡ് അപര്യാപ്തത, മുഖക്കുരു,ക്ഷീണം, വിട്ടുമാറാത്ത വീക്കം, ഉറക്കക്കുറവ്, ഉയർന്ന രക്തസമ്മർദ്ദം, മുടി കൊഴിച്ചിൽ എന്നീ ശാരീരിക പ്രശ്നങ്ങൾ ഒഴിവാക്കാം.

ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകളാണ് തലച്ചോറിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കും ഊർജം പകരുന്നത്. കഴിക്കുന്ന ഏത് കാർബോഹൈഡ്രേറ്റുകളും ഗ്ലൂക്കോസിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു, അത് ശരീരം ഊർജമായി ഉപയോഗിക്കുന്നു. ശരീരത്തിലെ കോശങ്ങൾ ഗ്ലുക്കോസ് സ്വീകരിക്കണമെങ്കിൽ അവിടെ ഇന്സുലിന്റെ ആവശ്യമുണ്ട്.

ദിവസേന ഊർജം പലവിധത്തിൽ ശരീരത്തിന് ആവശ്യമുള്ളതുകൊണ്ട്, ഇൻസുലിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസം മുഴുവൻ സ്ഥിരമായ നിയന്ത്രിക്കുകയാണ്. അതായത്, ഉറങ്ങുമ്പോൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് ഒരാളുടെ ശരീരം രാത്രിയിൽ ചെറിയ അളവിൽ ഇൻസുലിൻ പുറത്തുവിടുന്നു. പ്രഭാതഭക്ഷണത്തിന് ശേഷം ഇൻസുലിൻ വർധിക്കുന്നു.ഇൻസുലിൻ രാവിലെ ഏറ്റവും കുറഞ്ഞ നിലയിലാണ്. മാത്രമല്ല, ഓരോ ഭക്ഷണത്തിനും മുമ്പായി ഇന്സുലിന് നില കുറവായിരിക്കും. അതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്ന ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്.

Read More: പതിനെട്ടു വർഷം നീണ്ട പിണക്കത്തിന് തിരശീലയിട്ട് ‘ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും’ വേദി- ഹൃദ്യമായ വീഡിയോ

അതിനാൽ, കോർട്ടിസോളും ഇൻസുലിനും നിയന്ത്രിക്കാനായി പ്രഭാത ഭക്ഷണത്തിൽ ചിലത് ഉൾപ്പെടുത്താം. പോഷകങ്ങൾ അടങ്ങിയ ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ഭക്ഷണമാണ് ഉൾപ്പെടുത്തേണ്ടത്. അതായത്, പ്രഭാത ഭക്ഷണത്തിൽ അധികം വേവിക്കാത്ത അല്ലെങ്കിൽ പാകം ചെയ്യാത്തവാ ഉൾപ്പെടുത്തിയാൽ നന്ന്. പച്ചക്കറികളിലും പഴങ്ങളിലും വേവിക്കാതെ കഴിക്കുമ്പോഴാണ് പോഷകങ്ങൾ അധികമുള്ളത്. അതുപോലെ ഫൈബറും ഉൾപ്പെടുത്തണം. പ്രോട്ടെൻ അടങ്ങിയ ഭക്ഷണങ്ങൾ വേണം പ്രഭാതത്തിൽ കഴിക്കേണ്ടത്.

Story highlights- hormone balance food