ചരിത്രം കുറിച്ച് ഒമ്പത് വയസുകാരി; അഭിമാനമായി കിളിമഞ്ചാരോ കീഴടക്കിയ കുഞ്ഞു റിഥ്വിക

March 2, 2021
9-year-old Ritwika Sree becomes Asia's youngest girl to scale Mount Kilimanjaro

പലപ്പോഴും മുതിർന്നവരെപോലും അമ്പരപ്പിക്കാറുണ്ട് കുഞ്ഞുങ്ങൾ. അത്തരത്തിൽ ലോകത്തിന് മുഴുവൻ പ്രചോദനമാകുകയാണ് ഒരു കൊച്ചുമിടുക്കി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ടാൻസാനിയയിലെ കിളിമഞ്ചാരോ കീഴടക്കിയാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ ഒമ്പത് വയസുകാരി ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. റിഥ്വിക ശ്രീ എന്ന കൊച്ചുമിടുക്കിയാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.

ഇതോടെ കിളിമഞ്ചാരോ കീഴടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പെൺകുട്ടിയും ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയുമായിരിക്കുകയാണ് റിഥ്വിക ശ്രീ. അച്ഛനൊപ്പം കഴിഞ്ഞ ജനുവരി 16 നാണ് റിഥ്വിക കിളിമഞ്ചാരോ മൗണ്ടൻ കയറിത്തുടങ്ങിയത്. അതേസമയം നേരത്തെ സമുദ്രനിരപ്പിൽ നിന്ന് 5,681 മീറ്റർ ഉയരത്തിലുള്ള ഗിൽമാൻ പോയിന്റും റിഥ്വിക കീഴടക്കിയിരുന്നു.

കായികാധ്യാപകനും ക്രിക്കറ്റ് കോച്ചുമായ റിഥ്വികയുടെ പിതാവിന്റെ ശിക്ഷണത്തിൽ ചെറുപ്പം മുതൽ റിഥ്വിക റോക്ക് ക്ലൈമ്പിങ് പരിശീലനം നേടിയിരുന്നു.

Read also: ഇതാണ് മണ്ണിന്റെ മനുഷ്യൻ; കൊടുംതണുപ്പിലും കൃഷിയിടത്തിൽ പണിയെടുത്ത് സമ്പാദിക്കുന്നത് ലക്ഷങ്ങൾ

അതേസമയം റിഥ്വികയുടെ ഈ നേട്ടം രാജ്യത്തിന് മുഴുവൻ അഭിമാനമായി മാറിയിരിക്കുകയാണ്. മികച്ച നേട്ടം കരസ്ഥമാക്കിയ ഈ കൊച്ചുമിടുക്കിയെ അഭിനന്ദിച്ച് ആന്ധ്രാപ്രദേശ്, അനന്തപൂർ കളക്ടർ ഉൾപ്പെടെ നിരവധിപ്പേർ എത്തുന്നുണ്ട്.

Story Highlights:9-year-old Ritwika Sree becomes Asia’s youngest girl to scale Mount Kilimanjaro