150 തവണ വല കുലുക്കി സലാ; റെക്കോർഡ് നേടുന്ന പത്താമൻ

February 20, 2022

ലോകത്താകമാനം ആരാധകരുള്ള ഈജിപ്ഷ്യൻ താരമാണ് ലിവർപൂളിന്റെ മുഹമ്മദ് സലാ. അവിശ്വസനീയമായ പ്രകടനങ്ങളിലൂടെ കഴിഞ്ഞ കുറെ വർഷങ്ങളായി ഫുട്ബോൾ ആരാധകരുടെ പ്രിയ താരം കൂടിയാണ് സലാ. ഗോളടിച്ചും ഗോളടിപ്പിച്ചും ലിവർപൂളിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന സലാ ഇപ്പോൾ മറ്റൊരു റെക്കോർഡിലൂടെയാണ് വാർത്തകളിൽ നിറയുന്നത്.

ലിവർപൂളിനായി 150 ഗോളുകൾ എന്ന നേട്ടം സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് സലാ. ഇംഗ്ലീഷ് ക്ലബിനായി 150 ഗോളുകൾ നേടുന്ന പത്താമത്തെ താരമായി മാറി ഇതോടെ ഈ ഈജിപ്ത് താരം. നോർവിച്ചിനു എതിരായ ഗോളിലൂടെയാണ് ഇന്ന് താരം ഈ നേട്ടത്തിൽ എത്തിയത്. വെറും 233 മത്സരങ്ങളിൽ നിന്നാണ് സലാ 150 ഗോളുകൾ എന്ന നേട്ടം കൈവരിച്ചത്.

ഏറ്റവും വേഗത്തിൽ 150 ഗോളുകൾ നേടുന്ന രണ്ടാമത്തെ ലിവർപൂൾ താരമായും സലാ ഇതോടെ മാറി. 226 മത്സരങ്ങളിൽ നിന്നു 150 ഗോളുകൾ തികച്ച ലിവർപൂൾ ഇതിഹാസ താരം ജയിംസ് ഹണ്ടാണ് സലായെക്കാൾ വേഗത്തിൽ 150 ഗോളുകൾ ലിവർപൂളിനായി നേടിയ താരം. എ. എസ് റോമയിൽ നിന്നു ലിവർപൂളിലെത്തിയ സലാ അവർക്ക് പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി കൊടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു.

Read More: അർഹതപ്പെട്ട സെലക്ഷനെന്ന് മുൻ പരിശീലകൻ; സഞ്ജു സാംസണ് ആശംസകളുമായി ബിജു ജോര്‍ജ്

അതേ സമയം ഇന്റർമിലാനെതിരെയുള്ള ആദ്യ പാദ മത്സരത്തിൽ ലിവർപൂൾ മികച്ച വിജയം നേടിയപ്പോഴും സലായുടെ പങ്ക് നിർണായകമായിരുന്നു. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ക്ലോപ്പിന്റെ ലിവർപൂൾ സ്വന്തമാക്കിയത്. മുഹമ്മദ് സലായാണ് ഇന്ററിന്റെ പ്രതീക്ഷകൾ തകർത്ത് മത്സരത്തിൽ ലിവർപൂളിന്റെ രണ്ടാം ഗോൾ നേടിയത്. 83 ആം മിനുട്ടിൽ ആയിരുന്നു സലായുടെ ഗോൾ. ഇതോടെ ലിവർപൂൾ വിജയം ഉറപ്പാക്കി. മാർച്ചിൽ ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ വെച്ചാകും രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരം നടക്കുക.

Story Highlights: Salah new record