ജീവിതകാലം മുഴുവൻ കേൾക്കാൻ, ശ്രദ്ധിച്ചു കേൾക്കാം- കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ക്ക് സാരമായ കേള്‍വി പ്രശ്നങ്ങൾ ഉണ്ടെന്ന് സർവേയുടെ വെളിപ്പെടുത്തൽ

March 3, 2022
world hearing day and its importance

ഇന്ന് മാർച്ച് 3, ലോക കേൾവി ദിനം. ‘ജീവിതകാലം മുഴുവൻ കേൾക്കാൻ, ശ്രദ്ധിച്ചു കേൾക്കാം’ എന്നതാണ് ഈ വർഷത്തെ കേൾവിദിന സന്ദേശം. കേൾവിക്കുറവ് പലരും വളരെ നിസ്സാരമായാണ് കാണാറുള്ളത്. പക്ഷെ ചെവിവേദന, കേൾവി സംബന്ധമായ അസുഖങ്ങൾ എന്നിവ അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല. കാരണം തുടക്കത്തിൽ ലളിതമെന്ന് കരുതി അവഗണിക്കുന്ന ഇത്തരം ലക്ഷണങ്ങൾ പിന്നീട് ചെവിയുടെ കേൾവിശക്തിയെ തന്നെ നശിപ്പിച്ചേക്കാം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങള്‍ കേള്‍വിക്കുറവ് നേരിടുന്നുണ്ട്. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ക്കാണ് സാരമായ കേള്‍വി പ്രശ്നങ്ങൾ ഉള്ളത്.

അതേസമയം കഴിഞ്ഞ വർഷം ലോകാരോഗ്യസംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരം 2050 ആകുമ്പോഴേക്കും നാലിൽ ഒരാൾക്ക് വീതം കേൾവി സംബന്ധമായ രോഗങ്ങൾ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. കേൾവിശക്തി നഷ്ടമാകുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കൃത്യസമയത്ത് വേണ്ട രീതിയിലുള്ള പരിചരണം ലഭിക്കാത്തത് തന്നെയാണ് ഇത്തരത്തിൽ കേൾവിക്കുറവിന് കാരണമാകുന്നതും.

Read also: ജീവനറ്റ സുഹൃത്തിന് കൂട്ടത്തോടെ വിടനൽകുന്ന നായ്ക്കൾ, നൊമ്പരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ട ചിത്രം

ചെവിയിൽ ഉണ്ടാകുന്ന അണുബാധ, ജീവിത ശൈലിയിലെ മാറ്റങ്ങൾ, അമിതമായ ഫോൺ ഉപയോഗം, ശബ്ദ മലിനീകരണം തുടങ്ങിയവയൊക്കെ കേൾവി സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ചെവികൾക്കും വേണം കൃത്യമായ കരുതൽ. അതിന് പുറമെ കുട്ടികളിൽ ഉണ്ടാകുന്ന കേൾവിക്കുറവ് നേരത്തെ കണ്ടെത്തി തടയേണ്ടതാണെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം ബധിരതയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി 2007 മുതലാണ് ലോക കേൾവി ദിനം ആചരിച്ചുതുടങ്ങിയത്. ഇതിനെ ഇന്റർനാഷണൽ ഇയർ ഡേ എന്നാണ് ആദ്യം വിളിച്ചിരുന്നത്. എന്നാൽ 2016 ൽ വേൾഡ് ഹിയറിംഗ് ഡേ എന്നാക്കി ഈ ദിനത്തിന്റെ പേര് മാറ്റിയതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

ലോക കേൾവി ദിനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് പങ്കുവെച്ച കുറിപ്പ് ചുവടെ ചേർക്കുന്നു.

കുറിപ്പ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Story Highlights: world hearing day and its importance