പ്ലേ ഓഫ് കാണാതെ ചെന്നൈയും പുറത്തേക്ക്; മുംബൈയുടെ വിജയം 5 വിക്കറ്റിന്

May 12, 2022

ഐപിഎല്ലിൽ ഇന്നത്തെ മത്സരത്തിൽ ചെന്നൈക്കെതിരെ തിളക്കം കുറഞ്ഞ വിജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ചെന്നൈ ഉയർത്തിയ 98 റൺസ് വിജയലക്ഷ്യം 14.5 ഓവറിൽ മറികടന്ന് 5 വിക്കറ്റിന്റെ വിജയമാണ് മുംബൈ നേടിയത്. 32 പന്തില്‍ 34 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിലക് വര്‍മയുടെ പോരാട്ടമാണ് ഒരുഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട മുംബൈക്ക് വിജയം സമ്മാനിച്ചത്. ടിം ഡേവിഡും ഹൃതിക് ഷൊക്കീനും ഭേദപ്പെട്ട ബാറ്റിങ്ങിലൂടെ മുംബൈയുടെ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ചെന്നൈക്കായി മുകേഷ് ചൗധരി മൂന്ന് വിക്കറ്റെടുത്തു

ഇന്നത്തെ തോൽവിയോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ പൂർണമായും അവസാനിച്ചിരിക്കുകയാണ്. ഇതോടെ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന രണ്ടാമത്തെ ടീമായിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ഇന്നത്തെ മത്സരത്തിലെ വിജയത്തിലൂടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ ഇല്ലാതെയാക്കിയ മുംബൈ ഇന്ത്യൻസാണ് ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീം.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് തുടക്കം മുതൽ ബാറ്റിംഗ് തകർച്ചയായിരുന്നു. തുടർച്ചയായി വിക്കറ്റുകൾ വലിച്ചെറിഞ്ഞ ചെന്നൈ ടീമിൽ നായകൻ ധോണി മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ചത്. ഒരു ഘട്ടത്തിൽ ഏറ്റവും കുറഞ്ഞ സ്കോറിന് ഓൾ ഔട്ട് ആവാൻ സാധ്യത ഉണ്ടായിരുന്ന ചെന്നൈയെ ഒറ്റയാൾ പോരാട്ടം നടത്തിയാണ് ധോണി 100 ന് അരികിൽ എത്തിച്ചത്. 20 ഓവറിൽ 97 റൺസ് എടുക്കുമ്പോഴേക്കും ചെന്നൈയുടെ ബാറ്റർമാരെല്ലാം പുറത്തായിരുന്നു.

Read More: പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ്; ലഖ്‌നൗവിനെ തകർത്തത് 62 റൺസിന്

കഴിഞ്ഞ സീസണുകളിലൊക്കെ ടൂർണമെന്റിലെ തന്നെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നായിരുന്നു മുംബൈ-ചെന്നൈ മത്സരം. എന്നാൽ ഈ സീസണിൽ ഇരു ടീമുകളും പരിതാപകരമായ അവസ്ഥയിലാണ്. പോയിന്റ് ടേബിളിൽ ഏറ്റവും താഴെയാണ് സീസണിന്റെ തുടക്കം മുതൽ തന്നെ ഇരു ടീമുകളുടെയും സ്ഥാനം. ഇപ്പോൾ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമുകളായി മാറിയിരിക്കുകയാണ് ചെന്നൈയും മുംബൈയും.

Story Highlights: Chennai could not qualify for play off