ഐപിഎല്ലിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആവേശകരമായ അന്ത്യത്തിലേക്ക്‌; ടീമുകളുടെ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ…

May 17, 2022

ഈ സീസണിലെ ഐപിഎൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആവേശം വാനോളമെത്തി നിൽക്കുകയാണ്. ഒരേയൊരു മത്സരം മാത്രമാണ് മിക്ക ടീമുകൾക്കും അവശേഷിക്കുന്നത്. ചിലർക്ക് അവസാന മത്സരത്തിലെ വിജയം പ്ലേ ഓഫ് ടിക്കറ്റ് നൽകുമ്പോൾ മറ്റ് ചിലർക്ക് മത്സരത്തിൽ വമ്പൻ വിജയം നേടുന്നതിനൊപ്പം തന്നെ മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കുകയും ചെയ്യേണ്ടതുണ്ട്. ഐപിഎൽ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ ആവേശകരമായ അന്ത്യത്തിലേക്ക്‌ നീങ്ങുമ്പോൾ ടീമുകളുടെ പ്ലേ ഓഫ് സാധ്യതകൾ നോക്കാം.

ഗുജറാത്ത് ടൈറ്റൻസ് മാത്രമാണ് ഇപ്പോൾ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുന്ന ഒരേയൊരു ടീം. സീസണിലുടനീളം മികച്ചതും സ്ഥിരതയാർന്നതുമായ പ്രകടനം കാഴ്‌ചവെച്ച ഹർദിക് പാണ്ഡ്യയുടെ ഗുജറാത്തിന് 13 മത്സരങ്ങളിൽ 10 ജയത്തോടെ 20 പോയിന്റുകളാണുള്ളത്.

13 മത്സരങ്ങളിൽ നിന്ന് 8 വിജയങ്ങളോടെ 16 പോയിന്റുള്ള രാജസ്ഥാൻ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ ലഖ്‌നൗവിനെതിരെ വിജയിച്ചതോടെയാണ് രാജസ്ഥാൻ പ്ലേ ഓഫ് ടിക്കറ്റ് ഉറപ്പിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള അവസാന മത്സരം തോറ്റാലും മികച്ച നെറ്റ് റൺ റേറ്റ് ഉള്ളതിനാൽ രാജസ്ഥാന് ആദ്യ നാല് സ്ഥാനങ്ങളിൽ ഒന്നുറപ്പിക്കാം.

പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്സിനും പ്ലേ ഓഫിൽ ഒരു സ്ഥാനം ഉറപ്പാണ്. രാജസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തിൽ തോറ്റെങ്കിലും ലഖ്‌നൗവിന് 16 പോയിന്റുകളുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അവസാന മത്സരം തോറ്റാലും കെ എൽ രാഹുലിന്റെ ടീമിന് പ്ലേ ഓഫ് കളിക്കാം.

ഇപ്പോൾ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തുള്ള ഡൽഹിക്ക് 13 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുണ്ട്. മികച്ച നെറ്റ് റൺ റേറ്റുള്ള ഡൽഹിക്ക് മുംബൈ ഇന്ത്യന്‍സിനെതരായ അവസാന മത്സരം ജയിച്ചാല്‍ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമാവാം.

എന്നാൽ അഞ്ചും ആറും ഏഴും സ്ഥാനങ്ങളിലുള്ള ബാംഗ്ലൂരിനും കൊൽക്കത്തയ്ക്കും പഞ്ചാബിനും അവസാന മത്സരത്തിലെ ജയത്തിനോടൊപ്പം മറ്റ് ടീമുകളുടെ മത്സര ഫലത്തെയും ആശ്രയിക്കേണ്ട സാഹചര്യമുണ്ട്. ഗുജറാത്തിനെതിരെയുള്ള അവസാന മത്സരത്തിൽ വമ്പൻ വിജയം നേടി നെറ്റ് റൺ റേറ്റ് ഉയർത്തിയാലും മറ്റ് ടീമുകളുടെ മത്സരഫലവും ബാംഗ്ലൂരിന്റെ പ്ലേ ഓഫ് പ്രവേശനത്തിൽ നിർണായകമാണ്. ആറും ഏഴും സ്ഥാനങ്ങളിലുള്ള കൊൽക്കത്തയ്ക്കും പഞ്ചാബിനും ഇനിയുള്ള മത്സരത്തിൽ വിജയിച്ചാലും മറ്റ് ടീമുകളെല്ലാം അവസാന മത്സരത്തിൽ തോറ്റാൽ മാത്രമേ എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളു.

സൺറൈസേഴ്‌സ് ഹൈദരാബാദ് നിലവിൽ എട്ടാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങൾ ബാക്കിയുള്ള ഹൈദരാബാദിന് ഇന്നത്തെ മത്സരത്തിൽ മുംബൈക്കും 22 ന് നടക്കുന്ന അവസാന മത്സരത്തിൽ പഞ്ചാബിനെതിരെയും മികച്ച വിജയം നേടുന്നതിനൊപ്പം മറ്റ് ടീമുകൾ അവസാന മത്സരത്തിൽ തോൽക്കുകയും ചെയ്‌താൽ മാത്രമേ പ്ലേ ഓഫിലേക്ക് പ്രവേശിക്കാൻ കഴിയൂ.

Read More: ‘സഞ്ജു സാംസൺ ഈ സീസണിലെ ഏറ്റവും മികച്ച യുവനായകൻ’; കൈയടിയുമായി മുൻ ഇന്ത്യൻ സൂപ്പർതാരം ഇർഫാൻ പത്താൻ

അവസാന സ്ഥാനങ്ങളിലുള്ള മുൻ ചാമ്പ്യന്മാർ കൂടിയായ ചെന്നൈക്കും മുംബൈക്കും കണക്കുകളിൽ പോലും പ്രതീക്ഷ വയ്‌ക്കേണ്ട കാര്യമില്ല. തീർത്തും നിരാശാജനകമായ പ്രകടനം കാഴ്‌ചവെച്ച ഇരു ടീമുകളും നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

Story Highlights: IPL group matches in the last phase