‘എനിക്ക് വയ്യ നിങ്ങളുടെ കൂടെ ഓടാൻ…’; ആരാധകരുടെയിടയിൽ ചിരി പടർത്തി കോലി-മാക്‌സ്‌വെൽ സംഭാഷണം

May 5, 2022

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധക വൃന്ദമുള്ള ടീമുകളിലൊന്നാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ആദ്യ സീസൺ മുതൽ ടീമിന് ആവേശകരമായ പിന്തുണയാണ് ആരാധകർ നൽകുന്നത്.

അതോടൊപ്പം തന്നെ ആരാധകർക്കായി ടീമിന്റെ ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കപ്പെടുന്ന വിഡിയോകളും ശ്രദ്ധേയമാവാറുണ്ട്. കളിക്കളത്തിന് പുറത്തുള്ള ടീമിന്റെ നിമിഷങ്ങളാണ് വിഡിയോകളിലൂടെ പങ്കുവെയ്ക്കപ്പെടുന്നത്. മത്സരശേഷമുള്ള ടീമിന്റെ ഡ്രസിങ് റൂമിലെ വിശേഷങ്ങളും വിഡിയോകളിലൂടെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

ചെന്നൈക്കെതിരെയുള്ള ഇന്നലത്തെ മത്സരശേഷം ഡ്രസിങ് റൂമിലെ താരങ്ങളുടെ ആഹ്‌ളാദപ്രകടനം അടങ്ങുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ആഘോഷത്തിനിടയിൽ ആർസിബിയുടെ മുൻ നായകൻ വിരാട് കോലിയും ടീമിലെ സൂപ്പർതാരം ഗ്ലെൻ മാക്‌സ്‌വെല്ലും തമ്മിലുണ്ടായ ഒരു സംഭാഷണമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പരുക്കേറ്റ കളിക്കാരനെന്ന് പറഞ്ഞാണ് കോലി മാക്‌സ്‌വെല്ലിനെ പരിഹസിക്കുന്നത്. ഇതിന് ശേഷമാണ് തനിക്ക് കോലിയോടൊപ്പം ബാറ്റ് ചെയ്യാൻ വയ്യെന്ന് മാക്‌സ്‌വെൽ തമാശയായി പറയുന്നത്. കോലി വളരെ വേഗത്തിൽ ഓടുന്നുവെന്നും അതിനൊപ്പം തനിക്കോടാൻ വയ്യെന്നുമാണ് മാക്‌സ്‌വെൽ തമാശ പറയുന്നത്. ആർസിബിയുടെ യൂട്യൂബ് പേജിലാണ് ഈ വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

Read More: ബാംഗ്ലൂർ-ചെന്നൈ മത്സരത്തിനിടെ ആർസിബി ആരാധകന് വിവാഹാഭ്യർത്ഥന; തൊട്ടടുത്ത പന്തിൽ പ്രപ്പോസൽ ആഘോഷമാക്കി കോൺവേയുടെ സിക്‌സർ- വിഡിയോ

അതേ സമയം ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 13 റൺസിനാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വീഴ്ത്തിയത്. ബാംഗ്ലൂർ ഉയർത്തിയ 174 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളു. 56 റണ്‍സെടുത്ത ഡെവോണ്‍ കോൺവേ ചെന്നൈക്കായി മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ചെന്നൈയുടെ 3 വിക്കറ്റ് പിഴുത ഹർഷൽ പട്ടേൽ 2 വിക്കറ്റ് നേടിയ ഗ്ലെൻ മാക്സ്‌വെൽ എന്നിവരുടെ ബൗളിംഗ് പ്രകടനമാണ് ബാംഗ്ലൂരിന്റെ വിജയത്തിൽ നിർണായകമായത്.

Story Highlights: Kohli and maxwell funny conversation