ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

June 25, 2022

കേരളത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഏറെ കരുതൽ ആവശ്യമാണ്. ഡെങ്കിപ്പനി ഒരു തവണ ബാധിച്ചവർക്ക് വീണ്ടും രോഗം വന്നാൽ ഗുരുതരമാകാനും മരണത്തിന് പോലും സാധ്യതയുണ്ട് എന്നാണ് അധികൃതർ പറയുന്നത്.

ഡെങ്കിപ്പനി പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണം. ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും, രോഗം വഷളാകുന്നത് തടയാൻ സഹായിക്കുന്നു.

ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകര്‍ത്തുന്നത്. ഈഡിസ് കൊതുകുകള്‍ സാധാരണയായി പകല്‍ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 3 മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ മനുഷ്യരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. അതിനാൽ കൊതുകുകളെ നശിപ്പിക്കുക എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം.

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദ്ദിയും എന്നിവയാണ് ആരംഭത്തില്‍ കാണുന്ന രോഗ ലക്ഷണങ്ങള്‍.

അതേസമയം പനി കുറയുമ്പോള്‍ തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, ഏതെങ്കിലും ശരീര ഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നു തടിക്കല്‍, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളര്‍ച്ച, ശ്വസിക്കാന്‍ പ്രയാസം, രക്തസമ്മര്‍ദ്ദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍. എന്നിവയുണ്ടായാൽ പ്രത്യേകം ശ്രദ്ധിക്കണം. പ്രായാധിക്യമുള്ളവര്‍, ഒരു വയസിനു താഴെയുള്ള കുട്ടികള്‍, പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം, അര്‍ബുദം മുതലായ രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ ഡെങ്കിപ്പനിയെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്.

Read also: നീന്തൽ മത്സരത്തിനിടെ ബോധക്ഷയം; രക്ഷാപ്രവർത്തനത്തിനെത്തി പരിശീലക, വിഡിയോ

രോഗബാധിതര്‍ സമ്പൂര്‍ണ വിശ്രമം എടുക്കേണ്ടതാണ്. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, പഴച്ചാറുകള്‍, മറ്റു പാനീയങ്ങള്‍ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവര്‍ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകു വലക്കുള്ളില്‍ ആയിരിക്കണം. ഡെങ്കിപ്പനി ബാധിതര്‍ കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാന്‍ സഹായിക്കും. പരിസരപ്രദേശങ്ങളിൽ കൊതുക് വളരാതെയും കൊതുക് കടി ഏൽക്കാതെയും ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക. ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കുക.

Story highlights; Effective methods to protect yourself from dengue fever