“മരണപ്പെട്ടുപോയ സ്വന്തം നായക്കുട്ടിയെ ഓർത്തു പോയി..”; 777 ചാർളി കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി

June 15, 2022

ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടാണ് കന്നഡ ചിത്രം ‘777 ചാർളി’ തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതിമനോഹരമായതും നൊമ്പരപ്പെടുത്തുന്നതുമായ നിമിഷങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്.

ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള മറ്റൊരു വാർത്തയാണ് ശ്രദ്ധേയമാവുന്നത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കായി പ്രത്യേക ഷോ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒരുക്കിയിരുന്നു. ചിത്രം കണ്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണ് വാർത്തയാവുന്നത്. കരഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി തന്റെ പ്രതികരണം അറിയിച്ചത്.

ചിത്രത്തിലെ നായക്കുട്ടിയായ ചാർളിയെ കണ്ടപ്പോൾ മരണപ്പെട്ടുപോയ തന്റെ വളർത്തു നായയെ തനിക്ക് ഓർമ്മ വന്നുവെന്നാണ് ബസവരാജ്‌ ബൊമ്മെ പറഞ്ഞത്. അത് കൊണ്ടാണ് കരഞ്ഞു പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ വളരെ നല്ലതാണെന്നും എല്ലാവരും കാണണമെന്നും അഭ്യർത്ഥിച്ച മുഖ്യമന്ത്രി നായയുടെ സ്നേഹം നിരുപാധികവും ശുദ്ധവുമാണെന്നും പറഞ്ഞു.

Read More: പ്രശ്‌നക്കാരി എന്ന് പറഞ്ഞ് വീട്ടുകാർ ഒഴിവാക്കി, ഇന്ന് സൂപ്പർ സ്റ്റാർ; ‘777 ചാർലി’യിലെ കേന്ദ്രകഥാപാത്രമായ നായക്കുട്ടിയുടെ വിശേഷങ്ങളുമായി സംവിധായകൻ കിരൺ രാജ്

കന്നഡ സിനിമയിലെ കഴിഞ്ഞ ദശകത്തിലെ ഏറ്റവും സുപ്രധാനമായ ഒരു ശബ്‌ദമായി മാറിയ യുവനടനാണ് രക്ഷിത് ഷെട്ടി. അഭിനയത്തോടൊപ്പം തിരക്കഥ രചനയിലും സജീവമായിട്ടുള്ള നടൻ ‘ഉള്ളിടവറു കണ്ടന്തേ’ എന്ന ഹിറ്റ് കന്നഡ ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ്. നാടക രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരം കന്നഡയിലെ പുതുതലമുറ സിനിമയിലെ നിർണായക സാന്നിധ്യം കൂടിയാണ്. അതിനാൽ തന്നെ നടന്റെ ഓരോ ചിത്രവും വലിയ പ്രതീക്ഷയോടെയാണ് ആരാധകരും നിരൂപകരും ഒരേ പോലെ കാത്തിരിക്കുന്നത്. 777 ചാർളിക്കായും വലിയ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള മികച്ച ഒരു സിനിമാറ്റിക് അനുഭവമാണ് ചിത്രം നൽകിയിരിക്കുന്നത്.

Story Highlights: Karnataka cm becomes emotional after watching 777 charlie