പി എൻ പണിക്കരുടെ ഓർമയിൽ ഇന്ന് വായനാദിനം; ഇത് വായനയുടെ മുഖം മാറിയ കാലം

June 19, 2022

ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ വായനയെ പ്രോത്സാഹിപ്പിച്ച പി എൻ പണിക്കരുടെ ചരമദിനത്തിലാണ് മലയാളികൾ വായനാദിനം ആചരിക്കുന്നത്. ‘വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക’ എന്ന് കുട്ടികളോട് ആഹ്വാനം ചെയ്ത മഹാരഥന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിക്കാൻ ഒരു വായനാദിനം കൂടി കടന്നെത്തി.

ഒരു മനുഷ്യനെ ബൗദ്ധികമായും മാനസികമായും വളർത്തുന്നത് വായനയാണ്. ഓരോ പുസ്തകങ്ങളും ഓരോ എഴുത്തുകാരും ഒരു വായനക്കാരന്റെ സ്വഭാവത്തിലും വ്യക്തിത്വത്തിലും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. സാമൂഹികവും സാംസ്കാരികവുമായ ഔന്ന്യത്യത്തിലേക്ക് വളരെ വേഗം നീങ്ങാനുള്ള മാർഗമാണ് വായന.

പണ്ട്, ലൈബ്രറികളിലും ബുക്ക് സ്റ്റാളുകളിലും പുസ്തകങ്ങൾ തിരഞ്ഞു നടന്ന കാലം മാറി. അന്നത്തെപോലെ ഒരു ചെറിയ തുക നൽകി അംഗത്വമെടുത്ത് രജിസ്റ്റർ ബുക്കിൽ വിവരങ്ങൾ നൽകി പുസ്തകമെടുക്കുന്ന തലമുറ ഇന്നില്ല. ദിവസം കഴിയുമ്പോൾ പിഴ നൽകിയും, അടുത്ത തവണ കൃത്യ സമയത്ത് വായിച്ച് തിരികെ നൽകുമെന്ന് സ്വയം നിശ്ചയിച്ചുമൊക്കെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു.

പത്രത്തിലും മാസികകളിലും വരുന്ന പുതിയ പുസ്തകങ്ങളുടെ വിവരങ്ങൾ കുറിച്ച്, പുസ്തക അവലോകനങ്ങൾ വായിച്ച് അത് തേടി ബുക്ക് സ്റ്റാളുകളിൽ എത്തുന്നവരുടെ കാലവും കഴിഞ്ഞു. ഇന്ന് വായനയുടെ മുഖം മാറി. ഡിജിറ്റൽ യുഗത്തിൽ ഓൺലൈൻ വായനയിലേക്ക് എല്ലാവരും ചേക്കേറി.

ലൈബ്രറികളിലെ പഴമയുടെ ഗന്ധം പേറിയ പുസ്തകങ്ങളുടെ ഓർമ്മകൾ ഇന്ന് പലർക്കും അജ്ഞാതമാണ്. എങ്കിലും വായന മരിക്കുന്നില്ല. പുതിയ മുഖം നേടി അത് കാലത്തെ അതിജീവിക്കുന്നു. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ലക്ഷക്കണക്കിനാളുകളാണ് ഓൺലൈൻ വായനയെ ആശ്രയിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ ആളുകൾ വായനയ്ക്കായി തയ്യാറെടുത്ത് കഴിഞ്ഞിരുന്നു.

Read aLSO: ലോകത്ത് ഒരു നടിക്കും ഇങ്ങനെയൊരു സമ്മാനം കിട്ടിയിട്ടുണ്ടാകില്ല- രസകരമായ പിറന്നാൾ വിഡിയോ പങ്കുവെച്ച് ദർശന രാജേന്ദ്രൻ

മതിലുകളും, ആടുജീവിതവും, നീർമാതളം പൂത്ത കാലവും, ഒരു ദേശത്തിന്റെ കഥയുമെല്ലാം പി ഡി എഫ് രൂപത്തിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ഡിജിറ്റൽ കാലത്തും വായനയെ കൈവിടാത്ത ഒരു സമൂഹം വലിയ പ്രതീക്ഷയാണ് നൽകുന്നത്. പ്രതിസന്ധികാലത്ത് വായനയുടെ പ്രസക്തിയുമേറുകയാണ്. മുഖം മാറിയ ഡിജിറ്റൽ കാലത്ത് ഏവർക്കും വായനാദിനാശംസകൾ.

Story highlights-malayali’s new reading habit reading day special