‘ഒന്ന് വെച്ചിട്ട് പോ..’; അഭിനന്ദിക്കാൻ വിളിച്ച മമ്മൂട്ടിയോട് ആളറിയാതെ ദേഷ്യപ്പെട്ട അനുഭവം പങ്കുവെച്ച് രമ്യ നമ്പീശൻ

June 27, 2022

മൊബൈൽ ഫോണുകൾ സജീവമാകും മുൻപ് തന്നെ അഭിനേതാക്കളുടെ പേരിലുള്ള പറ്റിക്കലുകൾ സജീവമാണ്. അന്ന് ലാൻഡ്‌ഫോൺ വഴിയാണെങ്കിൽ ഇന്ന് സമൂഹമാധ്യമങ്ങൾ വഴിയാണ്. സൂപ്പർതാരങ്ങളുടെ പേരിൽ വ്യാജ കോളുകൾ ലഭിച്ച അഭിനേതാക്കൾ തന്നെ ധാരാളമാണ്. എന്നാൽ തുടരെ ലഭിച്ചുകൊണ്ടിരുന്ന വ്യാജ കോളുകൾക്കിടയിൽ യഥാർത്ഥ ആളുകൾ വിളിച്ചാൽ പോലും ആരും സംശയിച്ച് പോകും. അത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഫ്‌ളവേഴ്‌സ് ഒരുക്കിയ വിജയികളുടെ സംസ്ഥാന സമ്മേളനം പരിപാടിയിൽ രമ്യ നമ്പീശൻ.

ആണ്ടേ ലോണ്ടേ എന്ന ഗാനം ആലപിച്ച് രമ്യ നമ്പീശൻ ഹിറ്റായ സമയം. വളരെയധികം ശ്രദ്ധിക്കപ്പെട്ട ഗാനത്തിന് ഒട്ടേറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. ആ സമയത്താണ് രമ്യ ഡ്രൈവിംഗ് പഠിക്കുന്നത്. വളരെ ആശങ്കയിൽ ക്ലച്ചും ഗിയറുമൊക്കെ മാറ്റി കൺഫ്യൂഷനിൽ നിൽക്കുമ്പോഴാണ് രമ്യക്ക് ഒരു കോൾ വന്നത്. ‘ ഹലോ, ഞാൻ മമ്മൂട്ടിയാണ്’. എന്നാൽ ഇങ്ങനെയുള്ള ധാരാളം വ്യാജ കോളുകൾ ലഭിച്ചിട്ടുള്ളതിനാലും ഡ്രൈവിംഗിന്റെ സംശയത്തിൽ നിന്നതിനാലും രമ്യ നമ്പീശൻ പ്രതികരിച്ചത് ‘ ഒന്ന് വെച്ചിട്ട് പോടോ’ എന്നാണ്.

അല്പസമയത്തിന് ശേഷം ജോർജ് വിളിച്ചിട്ട് പറഞ്ഞു, മോളെ അത് ശെരിക്കും മമ്മൂട്ടിയാണ്. അപ്പോഴുണ്ടായ അവസ്ഥ വിവരിക്കാൻ പറ്റില്ലെന്നാണ് രമ്യ പറയുന്നത്. പിന്നീട് തിരികെ വിളിച്ചിട്ട് മമ്മൂക്ക എടുത്തില്ലെന്നും ഇനി സംസാരിക്കേണ്ട എന്ന് പറഞ്ഞെന്നും രമ്യ പറയുന്നു. അതേസമയം,  ‘ആണ്ടേ ലോണ്ടേ നേരെ കണ്ണില്..’ എന്ന ഗാനം നടി വേദിയിൽ ആലപിച്ചു.

Read also: അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല- നടൻ വി പി ഖാലിദിന്റെ ഓർമ്മയിൽ സിനിമാലോകം

അഭിനേത്രിയും ഗായികയായുമായി തിളങ്ങിയ താരമാണ് രമ്യ നമ്പീശൻ.  മലയാളത്തിലാണ് തുടക്കമെങ്കിലും, തമിഴ് സിനിമാലോകത്താണ് മികച്ച വേഷങ്ങൾ രമ്യയെ കാത്തിരുന്നത്. സമൂഹമാധ്യങ്ങളിലും സജീവമായ രമ്യ അഭിനയത്തിരക്കിനിടയിലും സംഗീതത്തിനായി സമയം മാറ്റിവയ്ക്കാറുണ്ട്.  

Story highlights- ramya nambeesan about mammootty’s call