നഞ്ചിയമ്മയെ നെഞ്ചിലേറ്റി രാജ്യം; ദേശീയ പുരസ്ക്കാരം പ്രിയപ്പെട്ട സച്ചി സാറിന് സമർപ്പിച്ച് മലയാളികളുടെ അഭിമാന താരകം

July 22, 2022

അറുപത്തിയെട്ടാമത്‌ ദേശീയ ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചപ്പോൾ വലിയ നേട്ടങ്ങളാണ് മലയാള സിനിമയെ തേടിയെത്തിയത്. മികച്ച നടി, സഹനടൻ, സംവിധായകൻ അടക്കം നിരവധി പുരസ്‌ക്കാരങ്ങളാണ് മലയാളികൾ നേടിയത്.

എന്നാൽ മലയാളികൾ ഇന്ന് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് നേടിയ നഞ്ചിയമ്മയുടെ നേട്ടത്തിലാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നൊമ്പരപ്പെടുത്തുന്ന ആലാപനത്തിലൂടെ മലയാളികളുടെ നെഞ്ചിൽ കുടിയേറിയ നഞ്ചിയമ്മയെ ഇന്ന് രാജ്യം ആദരിച്ചിരിക്കുകയാണ്. കഷ്ടപ്പാടുകൾ നിറഞ്ഞ ചുറ്റുപാടുകളിൽ ജീവിച്ച നഞ്ചിയമ്മയ്ക്ക് വലിയ പ്രശംസയാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോൾ തനിക്ക് കിട്ടിയ അംഗീകാരം പ്രിയപ്പെട്ട സംവിധായകൻ സച്ചിക്ക് സമർപ്പിച്ചിരിക്കുകയാണ് നഞ്ചിയമ്മ. അവാർഡ് കിട്ടിയതിൽ അട്ടപ്പാടിക്കാർക്ക് അഭിമാനമുണ്ടെന്നും നഞ്ചിയമ്മ കൂട്ടിച്ചേർത്തു.

“അവാർഡ് കിട്ടിയതിൽ അട്ടപ്പാടിക്കാർക്ക് അഭിമാനം, സച്ചി സാറിന് നന്ദി. അദ്ദേഹം കാരണമാണ് ഞാൻ ഇതുവരെ എത്തിയത്. പല ജോലികൾ ചെയ്‌ത്‌ കഷ്ടപ്പെടുന്ന സമയത്താണ് സച്ചി സാർ എന്നെ കണ്ടതും സിനിമയിലേക്ക് ക്ഷണിച്ചതും. അദ്ദേഹത്തിനെ ജീവിതത്തിൽ മറക്കില്ല. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്”- ദേശീയ പുരസ്‌ക്കാര നേട്ടത്തെ പറ്റി നഞ്ചിയമ്മ പറഞ്ഞു.

Read More: അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു; അപർണ ബാലമുരളി, ബിജു മേനോൻ, സൂര്യ എന്നിവർക്ക് നേട്ടം

അയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ ചിത്രത്തിന്റെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു. ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തിൽ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിൽ ആണ് താമസിക്കുന്നത്.

Story Highlights: Nanchiyamma dedicates national award to sachy