സ്വന്തം വീടിന്റെ വാതിലിന് പിങ്ക് നിറമടിച്ചു; പിന്നാലെ പിഴയടക്കേണ്ടി വന്നത് 19 ലക്ഷം രൂപ!

October 31, 2022

ഒരു വാതിലിൽ എന്തിരിക്കുന്നു? വീടിനെ അടച്ചുറപ്പോടെ സംരക്ഷിക്കുന്ന വാതിലുകൾക്ക് ഏതുനിറമായാലും ഏതുരൂപമായാലും അതിന്റെ പേരിൽ ആർക്കും തലവേദന സൃഷ്ടിച്ചിട്ടില്ല. എന്നാൽ, എഡിൻബറോയിലെ ന്യൂ ടൗണിൽ താമസിക്കുന്ന ഒരു 48- കാരിയായ സ്ത്രീയ്ക്ക് വാതിൽ സമ്മാനിച്ചത് 19 ലക്ഷം രൂപ പിഴയാണ്.

മിറാൻഡ ഡിക്‌സൺ എന്ന സ്ത്രീ തന്റെ ജോർജിയൻ വീടിന്റെ മുൻവാതിൽ പെയിന്റ് ചെയ്തതിന് 20,000 പൗണ്ടിലധികം (19 ലക്ഷം രൂപ) പിഴ അടയ്ക്കണം. വീടിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഡിക്‌സൺ മുൻവശത്തെ വാതിലിന് പിങ്ക് നിറം നൽകിയിരുന്നു.2019-ൽ മാതാപിതാക്കളിൽ നിന്ന് ഈ വീടിന് അവകാശിയായതാണ് മിറാൻഡ. അവർക്കെതിരെ പരാതി നൽകിയതിന് ശേഷം, എഡിൻബർഗ് സിറ്റി കൗൺസിൽ പറഞ്ഞത്, കെട്ടിടത്തിന്റെ “ചരിത്രപരമായ സ്വഭാവത്തിന് യോജിച്ചതല്ല ഈ നിറം” എന്നാണ്.

പോരാത്തതിന് ഇരുണ്ട കൂടുതൽ അനുയോജ്യമായ നിറത്തിലേക്ക് വാതിൽ വീണ്ടും പെയിന്റ് ചെയ്യണമെന്നും കൗൺസിൽ മിറാൻഡയെ അറിയിച്ചു.എഡിൻബർഗ് ന്യൂ ടൗണിലെ വേൾഡ് ഹെറിറ്റേജ് കൺസർവേഷൻ ഏരിയയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്, അതിനാൽ ഈ പ്രദേശത്തെ പ്രോപ്പർട്ടിയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താം എന്നതിന് ചില നിയമങ്ങളുണ്ട്. എഡിൻബർഗിലെ പഴയതും പുതിയതുമായ പട്ടണങ്ങൾ 1995-ൽ യുനെസ്കോയുടെ ലോക പൈതൃക പദവി നേടി.

Read Also: ജനിച്ചത് ലോക്ക്ഡൗണിൽ, പേര് ലോക്കി; രസകരമായ ഒരു പേരിടൽ…

എന്തായാലും ചുറ്റുപാടുമുള്ള വീടുകളിലും സമാനമായി തന്നെ നിറപ്പകിട്ടാർന്ന വാതിലുകൾ ഉണ്ടെങ്കിലും അവയ്‌ക്കെതിരെ പരാതി ലഭിച്ചാൽ മാത്രമേ നടപടി എടുക്കു എന്ന നിലപാടിലാണ് കൗൺസിൽ എന്നാണ് മിറാൻഡ പറയുന്നത്.

Story highlights-  19 lakh fine for a single pink door