“വലിയ വേദനയുണ്ട്, പക്ഷെ ടീമിനായി കൈയടിക്കും..”; ലോകകപ്പ് നഷ്‌ടമാവുന്നതിനെ പറ്റി ജസ്പ്രീത് ബുമ്ര

October 4, 2022

ഇന്ത്യയുടെ സൂപ്പർ താരം ജസ്പ്രീത് ബുമ്ര ടി 20 ലോകകപ്പിനുള്ള ടീമിലുണ്ടാവില്ല എന്ന വാർത്ത വലിയ ഞെട്ടലാണ് ആരാധകരിലുണ്ടാക്കിയത്. ഇന്നലെയാണ് ഇത് സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക പ്രസ്‌താവന പുറത്തു വന്നത്. ബുമ്ര ലോകകപ്പിനുണ്ടാവില്ല എന്നാണ് ബിസിസിഐ അറിയിച്ചത്. ബുമ്രയ്ക്ക് ഉടൻ പകരക്കാരനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഇതോടെ ലോകകപ്പിൽ ബുമ്ര, രവീന്ദ്ര ജഡേജ എന്നീ രണ്ട് പ്രധാന താരങ്ങൾ ഇല്ലാതെയാവും ഇന്ത്യ ഇറങ്ങുക എന്നുറപ്പായി. പരുക്കേറ്റ് പുറത്തായ ജസ്പ്രീത് ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 ടീമിൽ ഇടംപിടിച്ചിരുന്നു.

ഇപ്പോൾ ലോകകപ്പ് നഷ്ടമാവുന്നത് വലിയ വേദനയാണെന്ന് പറയുകയാണ് ബുമ്ര. പ്രിയപ്പെട്ടവരുടെ ആശംസകൾക്കും പിന്തുണയ്ക്കും നന്ദി പറയുന്നുവെന്ന് പറഞ്ഞ താരം ഇന്ത്യയ്ക്ക് വേണ്ടി കൈയടിക്കാൻ ഉണ്ടാവുമെന്നും കൂട്ടിച്ചേർത്തു.

ബുമ്രയുടെ അസാന്നിധ്യം ടീമിന് വലിയ തലവേദനയാവുമെന്ന് ഉറപ്പാണ്. ജസ്പ്രീത് ബുമ്ര പരുക്കിൽ നിന്ന് മുക്തനായി ലോകകപ്പിൽ കളിക്കുന്നില്ലെങ്കിൽ ടീം ഇന്ത്യയുടെ പ്രകടനം കൂടുതൽ ദുഷ്കരമാവും എന്ന് ഓസ്ട്രേലിയയുടെ മുൻ ഓൾറൗണ്ടർ ഷെയിൻ വാട്സൺ പറഞ്ഞിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുമ്ര ഒരു മികച്ച അറ്റാക്കിംഗ് ബൗളറാണ്. കൂടാതെ ലോകത്തെ മികച്ച ബൗളർമാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന് അവിശ്വസനീയമായ കഴിവുണ്ട്. ഇന്ത്യയ്ക്ക് ബുമ്രയുടെ അഭാവം വലിയ നഷ്ടമായിരിക്കും എന്നും ഷെയ്ൻ വാട്‌സൺ പറഞ്ഞിരുന്നു.

Read More: “അധികം വൈകാതെ സഞ്ജുവിന്റെ ശബ്‌ദവും സ്‌റ്റേജിലെത്തും..”; സഞ്ജു സാംസണിന്റെ ശബ്‌ദം അനുകരിക്കുന്നതിനെ പറ്റി ജയറാം

“ലോകത്ത് ബുമ്രയ്ക്ക് തുല്യമായ പകരക്കാരൻ ആരുമില്ല. അവസാന ഓവറുകളിൽ ബുമ്രയെ പോലെ പന്തെറിയുന്ന പ്രതിരോധ ബൗളർമാരെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയെ സംബന്ധിച്ച് പകരക്കാരനെ കണ്ടെത്തുകയാണ് യഥാർത്ഥ വെല്ലുവിളി. മറ്റ് ഫാസ്റ്റ് ബൗളർമാർ ചുമതല ഏറ്റെടുത്ത് മുന്നോട്ട് വരാതെ ടൂർണമെന്റിൽ മുന്നേറാൻ കഴിയില്ല” – വാട്‌സൺ കൂട്ടിച്ചേർത്തു.

Story Highlights: Bumrah about not playing world cup