“എന്റെ മാലാഖക്കുട്ടി..”; തന്റെ മകൾ കോലിയുടെ ഷോട്ട് അനുകരിക്കുന്നതിന്റെ വിഡിയോ പങ്കുവെച്ച് ശ്രീശാന്ത്

October 26, 2022

ദിവസങ്ങൾ കഴിഞ്ഞിട്ടും പാകിസ്ഥാനെതിരെ കോലി പുറത്തെടുത്ത തകർപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് ആളുകളുടെ സംസാരവിഷയം. സമാനതകളില്ലാത്ത മികവാണ് ഞായറാഴ്‌ച്ച നടന്ന മത്സരത്തിൽ കോലി കാഴ്ച്ചവെച്ചത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്

ഇപ്പോൾ കോലിയുടെ പ്രശസ്‌തമായ സിക്‌സർ അനുകരിക്കാൻ ശ്രമിക്കുന്ന തന്റെ മകളുടെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ക്രിക്കറ്റ് താരമായ ശ്രീശാന്ത്. “എന്റെ മാലാഖക്കുട്ടി താങ്കളുടെ മികച്ച ഷോട്ട് പരിശീലിക്കാൻ ശ്രമിക്കുന്നു. ഇനിയും ഏറെ മുന്നോട്ട് പോവാനുണ്ട്” എന്ന് കുറിച്ച് കൊണ്ടാണ് ശ്രീശാന്ത് വിഡിയോ പങ്കുവെച്ചത്. വിരാട് കോലിയെ താരം വിഡിയോയിൽ മെൻഷൻ ചെയ്‌തിട്ടുണ്ട്‌.

അതേ സമയം തകർപ്പൻ വിജയമാണ് ടി 20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയത്. 4 വിക്കറ്റിനാണ് പാകിസ്ഥാനെതിരെ ഇന്ത്യ വിജയം കൊയ്‌തത്. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അവസാന പന്തിലാണ് വിജയറൺ നേടിയത്.

വിരാട് കോലിയുടെ തകർപ്പൻ ബാറ്റിങ്ങിലൂടെയാണ് ഒരു ഘട്ടത്തിൽ കൈവിട്ട് പോയി എന്ന് കരുതിയ മത്സരം ഇന്ത്യ തിരിച്ചു പിടിച്ചത്. ഈ വർഷം തുടങ്ങിയപ്പോൾ വിരാട് കോലിയുടെ കരിയറിന്റെ അന്ത്യമായി എന്ന് കരുതിയവരാണ് കൂടുതലും. എന്നാൽ കായിക രംഗത്തെ ഏറ്റവും ആവേശം നിറഞ്ഞ ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യയുടെ വിജയശിൽപിയായി താരം മാറി. മികച്ച ബാറ്റിങ്ങിലൂടെ വിമർശകർക്കുള്ള മറുപടി കൂടിയാണ് കോലി നൽകിയത്.

Read More: ദേശീയ ഗാനം ആലപിച്ച് വികാരഭരിതനായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ-വിഡിയോ

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസാണ് നേടിയത്. 52 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാൻ മസൂദ് ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇഫ്തിക്കാർ അഹ്‌മദും (51) പാകിസ്താനു വേണ്ടി തിളങ്ങി.

Story Highlights: Sreesanth shares video of his daughter practising kohli shot