“ഒരു മാസമായി ഇപ്പോഴും ഹൗസ്ഫുൾ, പ്രേക്ഷകർക്ക് നന്ദി..”; ശ്രദ്ധേയമായി സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്

October 3, 2022

റീലീസ് ചെയ്‌ത്‌ ഒരു മാസം കഴിഞ്ഞെങ്കിലും ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്.’ തിരുവോണ നാളിൽ പ്രദർശനത്തിനെത്തിയ ചിത്രം നേരത്തെ തന്നെ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ബിഗ് ബഡ്‌ജറ്റിലൊരുങ്ങിയ അന്യഭാഷാ ചിത്രങ്ങളടക്കം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിട്ടും പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രദർശനത്തെ അതൊന്നും ബാധിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്.

ഇപ്പോൾ സംവിധായകൻ വിനയൻ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. തിയേറ്ററുകളിൽ ഇപ്പോഴും ചിത്രം ഹൗസ്ഫുള്ളായി തുടരുന്നതിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. കുറിപ്പിൽ പ്രേക്ഷകരോടും നിർമ്മാതാവ് ഗോകുലം ഗോപാലനോടും നന്ദി പറയുന്ന വിനയൻ ഇനിയും സിനിമ കാണാത്തവർ സിനിമ കാണണമെന്ന് അഭ്യർത്ഥിക്കുന്നുമുണ്ട്.

വിനയന്റെ കുറിപ്പ്

“ഇന്നലെയും എറണാകുളം ലുലു മാൾ ഉൾപ്പടെ കേരളത്തിലെ നിരവധി തീയറ്ററുകളിൽ പത്തൊൻപതാം നൂറ്റാണ്ടിൻെറ ഷോകൾ ഹൗസ്ഫുൾ ആയിരുന്നു എന്നറിഞ്ഞപ്പോൾ.. വലിയ താരമുല്യമൊന്നും ഇല്ലാതിരുന്ന യുവ നടൻ സിജു വിത്സൺ തകർത്ത് അഭിനയിച്ച ഈ ചിത്രത്തെ നെഞ്ചോടു ചേർത്ത് സ്വികരിച്ച പ്രേക്ഷകരോട് ഒരിക്കൽ കൂടി നന്ദി പറയണമെന്ന് തോന്നി.. നന്ദി..നന്ദി..

ഇപ്പോൾ ഒരു മാസത്തോടടുക്കുന്നു സിനിമ റിലീസ് ചെയ്തിട്ട്..ഇപ്പോഴത്തെ പുതിയ പരസ്യ തന്ത്രങ്ങളുടെ ഗിമിക്സൊന്നും ഇല്ലാതെ മൗത്ത് പബ്ലിസിറ്റിയിലുടെയും, ചിത്രം കണ്ടവർ എഴുതിയ സത്യസന്ധമായ റിവ്യുവിലൂടെയും തീയറ്ററുകളിൽ ആവേശം നിറച്ച് ഇപ്പോഴും ഈ സിനിമ പ്രദർശനം തുടരുന്നു എന്നത് ഏറെ സംതൃപ്തി നൽകുന്നു..

ഇനിയും ഈ ചിത്രം കാണാത്ത നമ്മുടെ ന്യൂജൻ ചെറുപ്പക്കാരുണ്ടങ്കിൽ അവരോടു പറയട്ടെ..,, നിങ്ങൾ ഈയ്യിടെ ആവേശത്തോടെ കയ്യടിച്ചു സ്വീകരിച്ച അന്യഭാഷാ ചിത്രങ്ങളോടൊപ്പം കിടപിടിക്കുന്ന ടെക്നിക്കൽ ക്വാളിറ്റിയും ആക്ഷൻ രംഗങ്ങളുടെ പെർഫക്ഷനും പത്തൊൻപതാം നൂറ്റാണ്ടിനുണ്ടോ എന്നറിയാനായി ഈ ചിത്രം തീർച്ചയായും നിങ്ങൾ കാണണം..നമ്മുടെ നാട്ടിലുണ്ടായ വലിയ ചരിത്ര സിനിമകളുടെ ബഡ്ജറ്റിൻെറ അടുത്തു പോലും പത്തൊൻപതാം നൂറ്റാണ്ടിൻെറ ബഡ്ജറ്റ് വരുന്നില്ല എന്നതൊരു സത്യമാണ്..

മുപ്പതും മുപ്പത്തഞ്ചു കോടിയും പ്രധാന ആർട്ടിസ്ററുകൾക്കു മാത്രം ശമ്പളമായി നൽകുന്ന സിനിമകൾക്കു മുന്നിൽ ഒന്നരക്കോടി മാത്രം അതിനായി ചെലവഴിച്ച ഒരു സിനിമ ആസ്വാദ്യകരമെന്നു ചർച്ച ചെയ്യപ്പെടുമ്പോൾ അതു പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയുടെ സ്ക്രിപ്റ്റിനും മേക്കിംഗിനും കിട്ടിയ അംഗീകാരമായി ഞാൻ കാണുന്നു..

എന്നോടൊപ്പം സഹകരിച്ച മുഴുവൻ ക്രൂവിനും വിശിഷ്യ നിർമ്മാതാവായ ഗോകുലം ഗോപാലേട്ടനും ഹൃദയത്തിൽ തൊട്ട നന്ദി രേഖപ്പെടുത്തട്ടെ..ഇതിലും ശക്തവും ടെക്നിക്കൽ പെർഫക്ഷനോടും കൂടിയ ഒരു സിനിമയുമായി വീണ്ടും എത്തുവാൻ നിങ്ങളുടെ പ്രാർത്ഥനയും സ്നേഹവും ഉണ്ടാകണം…സപ്പോർട്ടു ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും മീഡിയകൾക്കും ഒരിക്കൽ കൂടി നന്ദി..”

Read More: എളുപ്പമല്ല! ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ഹൃദയം എട്ടു സെക്കൻഡിനുള്ളിൽ കണ്ടെത്താനാകുമോ?

Story Highlights: Vinayan thanks audience in his fb post